Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:20 am

Menu

Published on September 11, 2017 at 3:27 pm

അഹങ്കാരം, മദ്യപാനം, കടം.. ജീവിതം നശിച്ചു എന്ന് വിചാരിച്ചതിൽ നിന്നും കരകയറി വന്ന ജി.എസ്. പ്രദീപ് തനിക്ക് സംഭവിച്ചതിനെ കുറിച്ച് പറയുമ്പോൾ..

g-s-pradeep-tells-his-life-story

ജി.എസ്. പ്രദീപിനെ ഓർമ്മയുണ്ടോ എന്ന് ഒരു മലയാളിയോട് ചോദിക്കേണ്ട ആവശ്യമുണ്ടാവില്ല. അത്രക്കും മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് പ്രദീപിന്റേത്. അശ്വമേധം എന്ന ഒരൊറ്റ പരിപാടി മതി ഇദ്ദേഹത്തെ ഓർക്കാൻ. പ്രദീപ് എന്ന വ്യക്തിയെ അത്ഭുതത്തോടെയും വിസ്മയത്തോടെയുമായിരുന്നു ഓരോ മലയാളിയും നോക്കി കണ്ടിരുന്നത്.

കൈരളി ചാനലിലെ അശ്വമേധം പരിപാടിയിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹം വളരെ പെട്ടന്നായിരുന്നു വളർന്നത്. എന്നാൽ കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും മറ്റും കാരണമായി ജീവിതത്തിലും കരിയറിലും ഒരേപോലെ താഴുകയും വലിയൊരു കടക്കാരനായി മാറുകയും ചെയ്യുകയുണ്ടായി അദ്ദേഹം. ഇപ്പോൾ സാക്ഷി ചാനലിലെ ഗ്രാൻഡ് മാസ്റ്റർ എന്ന പരിപാടി അവതരിപ്പിക്കുകയാണ് ആദ്ദേഹം. പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് പ്രദീപ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് മൂന്നു വർഷം മുമ്പ് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

‘കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും ‘അശ്വമേധം’ എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു. ‘അശ്വമേധ’ത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്‍ അങ്ങനെയാണ്. എന്റെ കഴിവുകള്‍ എന്റേതു മാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകള്‍ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്‍ ലോകത്തിലില്ല. അതുപോലെ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്.

പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്‍ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്‍ പെരുകി. ആയിരത്തില്‍ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചര്‍സോണിലെത്തി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്‍ സമയ മദ്യജീവിയായി മാറിയപ്പോള്‍ സമയം അറിയാതായി. ഒന്‍പതുമണിക്ക് സ്റ്റുഡിയോയില്‍ എത്തേണ്ട ഞാന്‍ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി. അതോടെ ടെലിവിഷന്‍ ചാനലുകളില്‍ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവര്‍ക്ക് പ്രശ്‌നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചു. ‘സ്പിരിറ്റ്’ എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാന്‍ തയാറായില്ല.

അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാന്‍ ബഹറിനിലെത്തിയപ്പോള്‍ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂര്‍ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാന്‍ എയര്‍പോര്‍ട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്കുവന്നത്. ”ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാന്‍ ഇനിയും ആളുകള്‍ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതില്‍ സങ്കടമുണ്ട്. ഈ കഴിവുകള്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാര്‍ത്ഥിച്ചുപോയിട്ടുണ്ട്.” മദ്യത്തിന്റെ ആസക്തിയില്‍ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്.

മുറിയില്‍ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോള്‍ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകല്‍ നിലച്ചു. മദ്യം നിര്‍ത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് ‘മലയാളിഹൗസി’ലേക്ക് വിളിക്കുന്നത്. അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങള്‍. അതിനാല്‍ ‘അശ്വമേധം’ എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോള്‍ വാടകവീട്ടിലാണ്. ഇപ്പോള്‍ വീണ്ടും കൈരളിയില്‍ ‘അശ്വമേധം’ പുനര്‍ജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.”

Loading...

Leave a Reply

Your email address will not be published.

More News