Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും രണ്ടു നേരം തുറക്കുന്ന ക്ഷേത്രങ്ങളുള്ള നമ്മുടെ നാട്ടില്‍, വര്‍ഷത്തില്‍ വെറും ഒരാഴ്ച മാത്രം തുറക്കുന്ന ക്ഷേത്രത്തെ കുറിച്ച് ചിന്തിക്കാനാകുമോ.
കര്‍ണ്ണാടകയിലെ ഹാസനില്‍ സ്ഥിതി ചെയ്യുന്ന ഹസനാംബ ക്ഷേത്രത്തിലാണ് വിചിത്രമായ ഈ ആചാരമുള്ളത്. ഹസനാംബ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനമുള്ളത്. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ഭക്തര്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ സാധിക്കും.
കന്നഡയിലെ അശ്വിജ മാസത്തിലെ പൗര്‍ണ്ണമി ദിവസത്തിന് ശേഷമുള്ള വ്യാഴാഴ്ചയാണ് ക്ഷേത്രം തുറക്കുന്നത്, അന്നുമുതല്‍ ദീപാവലി നാള്‍ വരെ ആളുകള്‍ക്ക് ഇവിടെയെത്തി പ്രാര്‍ത്ഥിക്കാം.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്നതിനാല്‍ തന്നെ ദേവിയെ പ്രതിനിധീകരിച്ച് ഒരു ചിതല്‍ പുറ്റ് മാത്രമാണ് ഇവിടെ കാണാന്‍ സാധിക്കുക. അതിനുള്ളില്‍ ദേവിയിരിക്കുന്നു വിശ്വാസം.
ഒരിക്കല്‍ ഒരു യാത്ര പോയ സപ്തകന്യകമാരായ ബ്രഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവര്‍ ഹാസനിലെത്തി. ഹാസന്റെ ഭംഗിയില്‍ ആകൃഷ്ടരായ അവര്‍ ഇവിടെ താമസിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മഹേശ്വരിയും കൗമാരിയും വൈഷ്ണവിയും ചിതല്‍പ്പുറ്റിനുള്ളില്‍ താമസമാക്കി എന്നുമാണ് ഇവിടെ പ്രചാരത്തിലുള്ള കഥ.
ഒരിക്കല്‍ ക്ഷേത്രം അടച്ചുകഴിഞ്ഞാല്‍ പിന്നെ അത് തുറക്കുന്നത് കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ്. നെയ്യില്‍ കത്തുന്ന ഒരു വിളക്കോടുകൂടിയാണ് ക്ഷേത്രം അടയ്ക്കുന്നത്. കൂടാതെ തുറക്കുന്നതുവരെയുള്ള കാണിക്കയായി അരിയും പൂക്കളും ജലവും സമര്‍പ്പിക്കും. പിന്നീട് അടുത്ത വര്‍ഷം ക്ഷേത്രം തുറക്കുമ്പോഴും ഈ നെയ്ത്തിരിയിട്ട വിളക്ക് ജ്വലിക്കുന്നത് കാണാമത്രെ.
ദേവി ക്ഷേത്രമാണെങ്കിലും ഈ ക്ഷേത്രത്തിന്റെ കവാടത്തില്‍ കുടികൊള്ളുന്ന ദൈവം ശിവനാണ്. സിദ്ദേശ്വരന്‍ എന്ന പേരില്‍ സ്വയംഭൂ ലിംഗമായാണ് ശിവനെ ഇവിടെ കാണുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത് അക്കാലത്തെ കൃഷ്ണപ്പ നായ്ക് എന്ന രാജാവാണത്രെ. കര്‍ണ്ണാടകയിലെ ക്ഷേത്ര നിര്‍മ്മിതികളുടെ ഏറ്റവും മികച്ച ഉദാഹരണവും ഇതുതന്നെയാണ്.
രാവണന്‍ വീണവായിക്കുന്ന ചിത്രം ഒന്ന് ചിന്തിച്ചു നോക്കൂ. അങ്ങനെയൊരു സംഭവവും ഈ ക്ഷേത്രത്തിലുണ്ട്. എന്നാല്‍ ഇവിടുത്തെ വീണ വായിക്കുന്ന രാവണന്റെ ചിത്രത്തില്‍ ഒന്‍പതു തലകള്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. എന്തുതന്നെയായാലും ക്ഷേത്രത്തിന്റെ അതിപ്രധാനപ്പെട്ട ഒരിടത്ത് എന്തുകൊണ്ട് ഇത്തരത്തിലൊരു ചിത്രം സൂക്ഷിച്ചിരിക്കുന്നു എന്നതിന്റെ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല.
കള്ളപ്പഗുഡി എന്നൊരു പേരുകൂടി ഈ ക്ഷേത്രത്തിനുണ്ട്. ഒരിക്കല്‍ നാലുകള്ളന്‍മാര്‍ ചേര്‍ന്ന് ഈ ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടു. ഇതില്‍ കലിപൂണ്ട ദേവി അവരെ ശപിച്ച് കല്ലാക്കി മാറ്റിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അന്നുമുതല്‍ ക്ഷേത്രത്തിന് കള്ളപ്പഗുഡി എന്ന പേരുകൂടി ലഭിച്ചു.
Leave a Reply