Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അവരെ നാലു വർഷത്തെ തടവിന് ശിക്ഷിച്ച ജയലളിതയുടെ വിചാരണക്കോടതി വിധി കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. ജയലളിതയെ കൂടാതെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി.എൻ. സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരേയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ജയലളിതയ്ക്ക് നാലുവർഷം തടവും നൂറു കോടി രൂപ പിഴയും മറ്റുള്ളവർക്ക് നാലു വർഷം തടവും പത്തുകോടി രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന 1991 മുതൽ ’96 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പ്രത്യേക കോടതിയാണ് കഴിഞ്ഞ സെപ്റ്റംബർ 27ാം തിയതി ജയലളിതയ്ക്കും സഹായിയായിരുന്ന ശശികല, ജയലളിതയുടെ ദത്തുപുത്രനായ സുധാകരൻ, ബന്ധു ഇളവരശി എന്നിവർക്ക് നാലു വർഷത്തെ തടവ് വിധിച്ചത്. ജയലളിതയ്ക്ക് 100 കോടി രൂപയും മറ്റു പ്രതികൾക്ക് പത്ത് കോടി രൂപ വീതവും പിഴ ശിക്ഷ നൽകിയിരുന്നു. കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ഒ. പനീർ സെൽവം മുഖ്യമന്ത്രിയാവുകയും ചെയ്തു. അടുത്ത പത്ത് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ കോടതി വിലക്കുകയും ചെയ്തിരുന്നു.
Leave a Reply