Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധ്യവയസ്സിലെ അമിതവണ്ണക്കാർക്ക് മറവിരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. പാരിസിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. നിങ്ങളുടെ ശരീരത്തിലെ ബോഡി മാസ് ഇൻഡക്സും (ഉയരവും ശരീരഭാരവും തമ്മിലുള്ള അനുപാതം) മറവിരോഗവും തമ്മിൽ ബന്ധമുണ്ടെന്നും ബോഡി മാസ് ഇൻഡക്സിലെ ഓരോ യൂണിറ്റിന്റെയും വർധന മറവിരോഗത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നുമാണ് ഗവേഷകർ തെളിയിച്ചിരിക്കുന്നത്.
ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നവർക്ക് അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 1300 പേരുടെ ബോഡി മാസ് ഇൻഡക്സ് വിലയിരുത്തിക്കൊണ്ടായിരുന്നു ഗവേഷണം. പതിനാലുവർഷം തുടർച്ചയായി ഇവരുടെ ആരോഗ്യനില പരിശോധിച്ച് വ്യത്യാസങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ഇവരിൽ അമിതവണ്ണമുള്ളവരിൽ കൂടുതൽ പേരും മറവിരോഗത്തിന് അടിമപ്പെടുന്നതായി കണ്ടെത്തി. ലോകത്തെ മൊത്തം ജനസംഖ്യയിൽ 13 ശതമാനം പേർ അമിതവണ്ണമുള്ളവരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത് നാഡീവ്യവസ്ഥയെ തകരാറിലാക്കുമത്രേ. ഇതു പിന്നീട് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. അതുകൊണ്ടാണ് ഇവർക്ക് അൽഷിമേഴ്സ് പിടിപെടാൻ സാധ്യത കൂടുന്നത്.
Leave a Reply