Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭ്രാന്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നടന്ന പൊതുപരിപാടിയിലാണ് സംഭവം. മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവാദമാകാന്‍ സാധ്യതയുള്ള അഭിപ്രായപ്രകടനം ഷിന്‍ഡെ നടത്തിയത്. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരം കാരണം ഡല്‍ഹി പോലീസ് സേനയില്‍ ഉദ്യോഗസ്ഥരുടെ അവധി ദിവസങ്ങള്‍ റദ്ദാക്കേണ്ടി വന്നെന്ന് ഷിന്‍ഡെ പറഞ്ഞു. അദേഹം പോലീസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ പരാമര്‍ശിച്ചാണ് ഇക്കാര്യം ഷിന്‍ഡെ പറഞ്ഞത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഖേര്‍വാഡി പോലീസ് സ്‌റ്റേഷനില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സേന നേതൃത്വം നല്‍കിയ അക്രമങ്ങള്‍ അരങ്ങേറിയത് കാരണം അവധി ലഭിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കെജ്‌രിവാളിൻറെ നേതൃത്വത്തില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിലേയ്ക്ക് നടത്തിയ ധര്‍ണ ഇന്നലെ വൈകുന്നേരമാണ് ആം ആദ്മി പാര്‍ട്ടി പിന്‍വലിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ല എന്നാരോപിച്ച് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.ആദ്യ ദിനത്തില്‍ റെയില്‍ഭവനു മുന്നില്‍ പോലീസ് കെജ്‌രിവാളിനെയും മന്ത്രിമാരെയും തടഞ്ഞതിനെ തുടര്‍ന്ന് അന്ന് രാത്രി പൊതു നിരത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി കിടന്നുറങ്ങിയത്. ധര്‍ണയുടെ രണ്ടാം ദിവസം പാര്‍ട്ടി പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയും ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്ന പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടുകയും ചെയ്തതോടെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതില്‍ പത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആരോപണ വിധേയരായ പോലീസുകാരെ കേന്ദ്രം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടി ധര്‍ണ അവസാനിപ്പിച്ചത്.
Leave a Reply