Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടാറ്റൂ ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പ്രായവ്യത്യാസമില്ലാതെ പലരും ഇന്ന് ടാറ്റൂ ചെയ്യാറുണ്ട്. എന്നാല്‍ ട്രെന്‍ഡിനു പിന്നാലെ ഓടുന്നവര്‍ ഈ ടാറ്റൂയിങിലെ അപകടങ്ങളെ കുറിച്ച് ബോധവാന്മാരാണോ.
ചിലര്‍ ചെറിയ ചിത്രങ്ങളും മറ്റും ടാറ്റൂ ചെയ്യുമ്പോള്‍ മറ്റുചിലര്‍ ദേഹം മുഴുവന്‍ ടാറ്റൂ ചെയ്യാറുണ്ട്. കയ്യിലും ദേഹത്തും മുഖത്തും എന്തിന് കണ്ണിനുള്ളില്‍ വരെ ടാറ്റൂ എത്തി നില്‍ക്കുന്നു. ടാറ്റൂ ചെയ്യും മുന്‍പ് നമ്മള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അല്ലാതെ കണ്ണില്‍ കണ്ട സ്ഥലങ്ങളില്‍ നിന്നെല്ലാം ടാറ്റൂ ചെയ്യാന്‍ നിന്നാല്‍ അത് അപകടം ക്ഷണിച്ചുവരുത്തലാകും.
1. ഒന്നാമതായി, ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ലൈസെന്‍സ്ഡ് ടാറ്റൂ വിദഗ്ധര്‍ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്.
2. ടാറ്റൂ ചെയ്തതിനുശേഷം അവര്‍ നിര്‍ദേശിച്ച പരിചരണരീതി പിന്തുടരണം. ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതില്‍ ശ്രദ്ധ നല്‍കണം.
3. ആദ്യമായി ടാറ്റൂ ചെയ്യുമ്പോള്‍ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചര്‍മം വന്നു മൂടും.
4. ടാറ്റൂ ചെയ്യുന്ന ചിലര്‍ക്ക് വളരെ അപൂര്‍വമായി അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉടനെ ഡോക്ടറുടെ സഹായം തേടണം.
5. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഇത് അണുവിമുക്തമാക്കണം എന്നതും നിര്‍ബന്ധമാണ്.
6. വിറയലോടെയുള്ള കടുത്ത പനി, ടാറ്റൂ ചെയ്ത സ്ഥലത്ത് കഠിനമായ വേദന, ചുവന്നു തടിക്കുക, വെള്ളയോ മഞ്ഞയോ നിറത്തില്‍ സ്രവം വരുക, ശരീരവേദന, കൈകാല്‍ കഴപ്പ്, വയറിളക്കം, അമിതദാഹം, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവയുണ്ടായാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടണം.
7. ടാറ്റൂ ചെയ്യുന്ന മഷിയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് പ്രധാനമായും ഇവിടെ വില്ലന്‍. ഇതിനായി ചര്‍മരോഗമുള്ളവര്‍ ആദ്യം ഒരു ‘ടെസ്റ്റ് ഡോസ്’ എടുത്തതിനുശേഷം മാത്രം ടാറ്റൂചെയ്യുന്നതാണ് സുരക്ഷിതം.
8. റോഡരികില്‍നിന്ന് പച്ചകുത്തുന്നവരെ സമീപിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
9. ടാറ്റൂ ചെയ്യുമ്പോള്‍ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവ് വഴി വൈറല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അണുവിമുക്തമല്ലാത്ത ടാറ്റൂ ഉപകരണങ്ങള്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ഹെപ്പറ്റിറ്റിസ് ബി, സി, എച്ച്‌ഐവി എന്നിവയ്ക്ക് ഇത് ചിലപ്പോള്‍ കാരണമാകും.
10. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയില്‍ നിന്നും അണുബാധയേല്‍ക്കുന്നവരും ഉണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ മഷിയില്‍ നിന്നാണ് അധികവും ഇതുണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരും സ്‌കിന്‍ അലര്‍ജി ഉള്ളവരും ടാറ്റൂ പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതാണ് ഉചിതം.
11. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ സ്‌കിന്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ടാറ്റൂ വിദഗ്ധനെ അറിയിക്കണം. പ്രമേഹരോഗികള്‍ക്ക് മുറിവുണങ്ങാന്‍ ദീര്‍ഘസമയമെടുക്കുമെന്നതിനാല്‍ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും ടാറ്റൂ ചെയ്യും മുന്‍പ് ഡോക്ടറോട് അഭിപ്രായം തേടണം.
12. ടാറ്റൂചെയ്യുന്ന സലൂണുകള്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെങ്കിലും മിക്കയിടങ്ങളിലും ഇത് പാലിക്കാറില്ല. അതുകൊണ്ട് നന്നായി അന്വേഷിച്ച ശേഷമോ മുന്‍പ് ടാറ്റൂ ചെയ്തവരോട് തിരക്കിയ ശേഷമോ ഒരു സലൂണ്‍ തിരഞ്ഞെടുക്കാം.
13. ഇന്റര്‍നെറ്റില്‍ റിവ്യൂ നോക്കിയാ ശേഷവും ടാറ്റൂ സെന്റര്‍ തീരുമാനിക്കാം. എഫ്ഡിഎ അംഗീകാരമുള്ള മഷിയാണോ ഉപയോഗിക്കുന്നത് എന്നതും ഉറപ്പു വരുത്തണം.
14. ടാറ്റൂ ചെയ്യുന്ന ശരീരഭാഗം അണുവിമുക്തമാക്കിയ ശേഷമാകണം കുത്താന്‍. അതുപോലെ ഉപകരണങ്ങളും അതീവശ്രദ്ധയോടെ വേണം ഉപയോഗത്തിനു മുന്‍പും ശേഷവും വൃത്തിയാക്കാന്‍. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ടാറ്റൂ ചെയ്യുന്ന ആളും വൃത്തിയുള്ള കയ്യുറകള്‍ ഉപയോഗിക്കണം.
15. ടാറ്റൂ ചെയ്ത ആദ്യ ആഴ്ചയില്‍ വെയില്‍കൊള്ളിക്കാതിരിക്കുക, പുഴയിലോ നീന്തല്‍ക്കുളത്തിലോ കുളിക്കാതിരിക്കുക, ഏതെങ്കിലും തരത്തിലെ ക്രീമുകളോ മരുന്നുകളോ ഉപയോഗിക്കാതെയിരിക്കുക, എന്നാല്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ക്രീമുകള്‍ പുരട്ടുക.
Leave a Reply