Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:06 pm

Menu

Published on November 10, 2017 at 11:20 am

പ്രതിഷ്ഠ പൂച്ചയുടെ വിഗ്രഹം; പൂച്ച ദേവിയെ ആരാധിക്കാന്‍ പ്രത്യേക ക്ഷേത്രമുള്ള ഗ്രാമം

in-this-village-in-mandya-cats-are-worshipped-as-gods

മൈസൂരു: മിക്കവാറും ആളുകളുടെ ഇഷ്ടപ്പെട്ട വളര്‍ത്തുമൃഗമാണ് പൂച്ച. എങ്കിലും പൂച്ച കുറുകെ ചാടിയാല്‍ അപശകുനമാണെന്ന് നാം പറയുകയും ചെയ്യും.

എന്നാല്‍ കര്‍ണാടകത്തിലെ ബെക്കലലെ ഗ്രാമവാസികള്‍ക്ക് പൂച്ചയെന്നാല്‍ ദൈവമാണ്. വെറും ദൈവമാണെന്നു മാത്രമല്ല മൈസൂരുവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള ഈ ഗ്രാമത്തില്‍ പൂച്ചകളെ ആരാധിക്കാന്‍ പ്രത്യേക ക്ഷേത്രവുമുണ്ട്.

1000 വര്‍ഷങ്ങള്‍ക്കുമുന്‍പെങ്കിലും ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തില്‍ പൂജചെയ്യുന്ന കുടുംബത്തില്‍പ്പെട്ട ബസവാരാധ്യ പറയുന്നു.

അടുത്തടുത്തായി നിര്‍മ്മിച്ചിട്ടുളള മൂന്നുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.

മഹാലക്ഷ്മിയുടെ പ്രതിരൂപമെന്നനിലയിലാണ് ഗ്രാമവാസികള്‍ ഇവിടെ പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീദേവി ഗ്രാമത്തിലേക്ക് പൂച്ചയുടെ രൂപത്തില്‍ കടന്നുവന്നുവെന്നും തുടര്‍ന്ന് ആപത്തുകളില്‍ നിന്നുള്ള രക്ഷകയായി പ്രവര്‍ത്തിച്ചെന്നുമാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഇതിനുള്ള നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കല്‍ ആരംഭിച്ചത്.

60 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്നത്തെനിലയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചയും ഇവിടെ പൂജ നടക്കും. നിരവധി ഗ്രാമവാസികള്‍ ഇതില്‍ പങ്കുകൊള്ളാനെത്തും. എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളെ കാണാന്‍ സാധിക്കും. വീടുകളിലും പൂച്ചകളെ പൂജിക്കും.

ഇക്കാരണത്താല്‍ തന്നെ ഗ്രാമത്തിലെ ആരും പൂച്ചകളെ ഉപദ്രവിക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നവരോട് ദേവി പൊറുക്കില്ലെന്ന് ഗ്രാമവാസിയായ ജഗദീഷ് പറയുന്നു. അത്തരക്കാരെ ഗ്രാമത്തില്‍നിന്ന് പുറത്താക്കും. ഗ്രാമത്തില്‍ പൂച്ചയുടെ ജഡം ആരെങ്കിലും കണ്ടെത്തിയാല്‍ അത് സംസ്‌കരിക്കാതെ, കണ്ടെത്തിയയാള്‍ സ്ഥലംവിട്ടുപോവാനും പാടില്ല.

പൂച്ചയ്ക്ക് കന്നഡ ഭാഷയിലുള്ള പദമായ ‘ബെക്കു’ എന്നതില്‍നിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേരുലഭിച്ചത്. ഈ പൂച്ച ആരാധനയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ ഇടവിട്ട് ഉത്സവവും ഗ്രാമവാസികള്‍ സംഘടിപ്പിക്കാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News