Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ഇന്നലെ രാത്രി താരങ്ങളുടെ ഒഴുക്കായിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ നിരവധി നടീ നടന്‍ന്മാരും ചലച്ചിത്ര പ്രവര്‍ത്തകരുമാണ് എത്തിയത്.
എന്നാല്‍ ഇതിനിടയിലും ചിലരുടെ അസാന്നിധ്യം ശ്രദ്ധനേടി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റടക്കം പല അമ്മ ഭാരവാഹികളും ചടങ്ങിനെത്തിയിരുന്നില്ല. ഇന്നസെന്റിന് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതുമില്ല.
അമ്മയുടെ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള അമ്മ ഭാരവാഹികള്‍ക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളില്‍ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രമായിരുന്നു. മമ്മൂട്ടി എത്തിയതോ കുടുംബസമേതമായിരുന്നുമില്ല. കഴിഞ്ഞ ദിവസം രാത്രി 7.40 ഓടെ ലുലു കണ്‍വന്‍ഷന്‍ സെന്ററിലെത്തിയ മമ്മൂട്ടി ഭാവനയേയും വരന്‍ നവീനിനെയും കണ്ട് നിമിഷങ്ങള്‍ക്കകം മടങ്ങുകയും ചെയ്തു.
നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. സ്റ്റേജില്‍ കയറി ഭാവനയ്ക്കും നവീനും ആശംസകള്‍ അര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടന്‍ സിദ്ദീഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഇവിടെ മാധ്യമങ്ങളെ കണ്ട സിദ്ദീഖ് ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നാണ് പ്രതികരിച്ചത്.
സിബി മലയില്‍, കമല്‍, കെപിഎസി ലളിത, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആഷിക് അബു, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, റീമ കല്ലിങ്ങല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ, കെ.പി.എ.സി ലളിത, സംവിധായകന്‍ ഹരിഹരന്‍, വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.
മഞ്ജുവാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍, ഭാമ, രചന നാരായണന്‍കുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവര്‍ ക്ഷേത്രത്തിലെ താലികെട്ടിനു തന്നെ എത്തി. വൈകീട്ട് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇവര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.
ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റെല്ലാ തിരക്കും മാറ്റി വച്ചാണ് മഞ്ജു വാര്യരും കൂട്ടരുമെത്തിയത്. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകിട്ട് സിനിമക്കാര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും നിറസാന്നധ്യമായിരുന്നു.
Leave a Reply