Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: സായുധസേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മ്മിള നടത്തുന്ന നിരാഹാരസമരം പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി.
2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സ് അംഗങ്ങള്‍ പത്ത് പേരെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തിലാണ് ശര്‍മ്മിള നിരാഹാരസമരം ആരംഭിച്ചത്. തുടര്‍ന്ന് അഞ്ചാം തീയതി അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയായിരുന്നു. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ വാര്‍ഡിലാണ് ശര്‍മ്മിള ഇപ്പോള്‍. മൂക്കിലൂടെ ഇട്ടിരിക്കുന്ന കുഴലിലൂടെ നല്‍കുന്ന ദ്രവരൂപത്തിലുള്ള ആഹാരം മാത്രമാണ് പതിനഞ്ച് വര്‍ഷമായി ഇറോം ശര്‍മ്മിളയുടെ ഭക്ഷണം.
ആത്മഹത്യാശ്രമം ആരോപിച്ച് പോലീസ് ശര്‍മ്മിളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്യാനല്ല തന്റെ ശ്രമമെന്നും അഫ്‌സ്പയ്‌ക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ശര്‍മ്മിള വ്യക്തമാക്കുന്നു. സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വടക്കന്‍ ഇംഫാലിലെ ഫായെംഗ് പ്രദേശത്ത് കവിസമ്മേളം നടന്നു. ഡല്‍ഹിയില്‍ അഫ്‌സ്പയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. നിരവധി മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും കത്തിച്ച മെഴുകുതിരികളുമായി റാലി നടത്തി.
Leave a Reply