Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത നല്‍കിയ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി ഇന്നു വിധി പറയും.രാവിലെ 11 മണിക്ക് ജസ്റ്റിസ് സി കുമാരസ്വാമിയാണ് വിധി പറയുക. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിചാരണ കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജയലളിതയും കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് മൂന്ന് പേരായ ശശികല ഇളവരസി സുധാകര്‍ എന്നിവരും നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. കര്‍ണാടക ഹൈക്കോടതിക്ക് ഇപ്പോള്‍ അവധിയായതിനാല്‍ പ്രത്യേക അവധിക്കാല ബെഞ്ചാണ് വിധി പറയുന്നത്. വിധിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ ആറ് മണി മുതല്‍ രാത്രി 9 മണിവരെ നിരോധനാജ്ഞയാണ്. വിധി കേള്‍ക്കാന്‍ ജയലളിത കോടതി മുറിയില്‍ എത്തേണ്ടതില്ലെങ്കിലും ആയിരക്കണക്കിന് അനുകൂലികള്‍ വിധി കേള്‍ക്കാന്‍ നഗരത്തിലെത്തുമെന്നാണ് നിഗമനം. കേസില്‍ വിധി പ്രതികൂലമായാല്‍ ജയലളിത വിചാരണ കോടതിയില്‍ കീഴടങ്ങേണ്ടി വരും.
Leave a Reply