Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയില്‍ നിന്നു തന്നെ വിവാഹം കഴിക്കുന്നവരെ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. ഇത്തരം ദാമ്പത്യങ്ങളില്‍ പലതിന്റെയും അവസാനം തകര്‍ച്ചയായിരുന്നെങ്കിലും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഇന്നും നിലനില്‍ക്കുന്നവയുമുണ്ട്. അത്തരത്തില്‍ സിനിമയിലെ ഒരു മാതൃകാദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1992 സെപ്റ്റംബര്‍ 7 നാണ് ജയറാം പാര്‍വ്വതിയെ വിവാഹം ചെയ്തത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ അതീവരഹസ്യമായി കൊണ്ടുനടന്ന ഇരുവരുടെയും പ്രണയം കണ്ടുപിടിച്ചത് ആരാണെന്നോ? നടന്‍ ശ്രീനിവാസന്‍.
ശ്രീനിവാസനും ജയറാമും ഒന്നിച്ചഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ജയറാം തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
1988 ല്‍ അപരന്‍ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ജയറാം പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. ജയറാമും പാര്‍വതിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയുടെ അകത്ത് ചര്‍ച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാടിന് ജയറാമും പാര്‍വതിയും എന്തെങ്കിലും ഉണ്ടോ എന്ന് സംശയം. ഇത് ഉള്ളതാണോ ഇല്ലയോ എന്നറിയണം. കണ്ടുപിടിക്കാന്‍ ഏല്‍പ്പിച്ചത് സാക്ഷാല്‍ ശ്രീനിവാസനെയും. അന്ന് വൈകുന്നേരത്തിനുള്ളില്‍ കൃത്യമായ കാര്യം പറഞ്ഞുതരാമെന്ന് ശ്രീനിവാസന്‍ ഉറപ്പും നല്‍കുകയായിരുന്നു.
അങ്ങനെ ജയറാം ആദ്യം ഷൂട്ടിങിന് വന്നു. കുറച്ചു നേരം കഴിഞ്ഞ് പാര്‍വതിയും. തങ്ങള്‍ ഇരുവരും അവിടെ ഇരിക്കുന്ന സമയത്ത് ശ്രീനിയേട്ടന്‍ കുറച്ച് സമയം ഞങ്ങളെ തന്നെ നോക്കി ഇരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ശ്രീനിയേട്ടന്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ച് പറഞ്ഞു, സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ തമ്മില്‍ പ്രേമത്തിലാണ്, ജയറാം പറഞ്ഞു.
താന്‍ ഇക്കാര്യം ശ്രീനിയേട്ടനോട് ചോദിച്ചു, ഇതെങ്ങനെയാണ് കണ്ട് പിടിച്ചതെന്ന്. കാരണം ഒരുമനുഷ്യനും ഇക്കാര്യം അറിയില്ലായിരുന്നു. അപ്പോള്‍ ശ്രീനിയേട്ടന്‍ പറഞ്ഞു, സെറ്റിലുള്ള ബാക്കിയെല്ലാവരുമായി നീ സംസാരിക്കുന്നുണ്ട്, അശ്വതിയുമായി (പാര്‍വതി) മാത്രം സംസാരിക്കുന്നില്ല, അവരും ബാക്കിയുള്ളവരുമായി സംസാരിക്കുന്നുണ്ട് നിന്നോട് മാത്രം മിണ്ടുന്നില്ല. എന്തിന് ഒരു ഗുഡ് മോര്‍ണിങ് പോലും പരസ്പരം പറയുന്നില്ല. ശ്രീനിയേട്ടന്റെ നിരീക്ഷണങ്ങളെല്ലാം സത്യമായിരുന്നു, ജയറാം കൂട്ടിച്ചേര്‍ത്തു.
Leave a Reply