Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ സംസ്ഥാനത്ത് ആദ്യ അറസ്റ്റ് കൊച്ചിയില്‍. വീട്ടമ്മയായ ഏലൂര്‍ പോളയില്‍ മേരി പമീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ, തമിഴ്‌നാട് കോടമ്പാക്കം സ്വദേശിയായ ശിവകുമാര്‍ (42) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 22 ചെക്കുകളും നാല് മുദ്രപ്പത്രങ്ങളും രണ്ട് വണ്ടികളുടെ ആര്‍.സി. ബുക്കുകളും ബ്ലാങ്ക് പ്രോമിസറി നോട്ടുകളും പിടികൂടിയിട്ടുണ്ട്.
2008 മുതല്‍ ഇയാള്‍ കൊച്ചിയില്‍ പലിശയിടപാട് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഉണിച്ചിറയില്‍ ഇയാള്‍ നടത്തുന്ന വിഘ്‌നേശ്വര പവര്‍ യൂണിറ്റിന്റെ മറവില്‍ ജനറേറ്റര്‍ വില്പനയോടൊപ്പമാണ് പലിശയ്ക്ക് പണം കൊടുക്കലും നടത്തിയിരുന്നത്. നൂറ്റിക്ക് എട്ട് രൂപയ്ക്കാണ് പലിശ ഈടാക്കിയിരുന്നത്. ലക്ഷങ്ങള്‍ മാത്രമേ ഇയാള്‍ പലിശയ്ക്ക് നല്‍കാറുള്ളൂ. തമിഴ്‌നാട്ടിലുള്ള പലിശക്കമ്പനിയുടെ പിന്തുണയോടെ ഇടനിലക്കാരനായാണ് ഇയാള്‍ പണമിടപാട് നടത്തിയിരുന്നതെന്നും പോലീസിന് സംശയമുണ്ട്. തുടര്‍ച്ചയായി ഭീഷണി നടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയത്. വാടകയ്ക്ക് താമസിക്കുന്ന വാഴക്കാല മരോട്ടിച്ചോടിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച വൈകീട്ടാണ് ഇയാള്‍ അറസ്റ്റിലായത്. എളമക്കര എസ്.ഐ. വി.ഡി. സൂരജിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മധു, സീനിയര്‍ സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Leave a Reply