Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സലീം അഹമ്മദ് ഒരുക്കിയ പത്തേമാരിയ്‌ക്കെതിരെ തൃശൂര്‍ ചേറ്റുവയിലെ ലാഞ്ചി വേലായുധന്റെ കുടുംബം രംഗത്തെത്തി. പത്തേമാരി എന്ന ചിത്രത്തില്‍ സിദ്ദിഖ് അഭിനയിച്ച അനശ്വരമാക്കിയ കഥാപാത്രമാണ് ലാഞ്ചി വേലായുധന്റെത്. എന്നാല്‍ സിനിമയില്‍ ലാഞ്ചി വേലായുധന്റെ ജീവിതത്തെ അപമാനിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. വേലായുധന്റെ ജീവിതത്തെ മോശമാക്കി ചിത്രീകരിച്ചിരിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.ചേറ്റുവയില്‍ നിന്നും നിരവധിയാളുകളെ ലാഞ്ചിയില്‍ പേര്‍ഷ്യയിലെത്തിച്ച ആളായിരുന്നു വേലായുധന്‍. ഒട്ടനേകം ആളുകളെ കരകയറ്റിയിട്ടും പ്രതിസന്ധികളിലൂടെയാണ് വേലായുധന്റെ ജീവിതം നീങ്ങിയത്. തൊഴിലുകള്‍ പലതും ചെയ്തു. ബോട്ടുവാങ്ങി, മറൈന്‍ വര്‍ക്ക്ഷോപ്പ് നടത്തി. ഗള്‍ഫിലും പോയി മടങ്ങിവന്നു. 2005ല്‍ മരണം വരെ ആരുടേയും മുന്നില്‍ തലകുനിക്കാതിരുന്ന വേലായുധനെ അതേപേരില്‍ സിനിമയിലവതരിപ്പിച്ചത് അവഹേളിക്കുന്ന രീതിയിലെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം.സിനിമയുടെ അവസാനം ലാഞ്ചി വേലായുധന്‍ മനോനിലതെറ്റി അലയുന്ന രംഗങ്ങള്‍ ഒഴിവാക്കി ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് വേലായുധന്റെ കുടുംബം ആവശ്യപ്പെടുന്നത്. സംവിധായകന്‍ അതിന് തയാറായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണെന്നും ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തിന്റെ മനുഷ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും സംവിധായകന്‍ സലീം അഹമ്മദ് പ്രതികരിച്ചു. ചേറ്റുവയിലെ ലാഞ്ചി വേലായുധന്റെ കുടുംബം തെറ്റിദ്ധരിച്ചതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply