Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :ഡൽഹി മൃഗശാലയിൽ കടുവക്കൂട്ടിൽ വീണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട മക്‌സൂദ്(20) മരണപ്പെടാൻ കാരണം കടുവകളോടുള്ള അമിത പ്രേമമാണെന്ന് വീട്ടുകാർ വെളിപ്പെടുത്തി. അടുത്ത കാലത്തായി കടുവകളോട് വല്ലാത്ത ഭ്രമം തോന്നിയിരുന്ന മക്സൂദ് എല്ലാദിവസവും മൃഗശാലയിൽ പോകാറുണ്ടായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. സെൻട്രൽ ഡൽഹിയിലെ സഖീറ ഫ്‌ളൈ ഓവറിനു കീഴിലുള്ള കുടിലിൽ മക്സൂദിനൊപ്പം ഭാര്യയും മാതാപിതാക്കളുമാണ് താമസിച്ചിരുന്നത്. ജൂണിൽ മൃഗശാല സന്ദർശിക്കാൻ പോയത് മുതലാണ് മക്സൂദിന് കടുവകളോട് വല്ലാത്ത ആകർഷണം തോന്നിത്തുടങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. അതിനു ശേഷം എല്ലാ ദിവസവും മക്സൂദ് മൃഗശാല സന്ദർശിക്കാറുണ്ടായിരുന്നെന്നും തിരിച്ച് വീട്ടിലെത്തിയാൽ ഭാര്യയോടും മറ്റു കുടുംബാഗങ്ങളോടും കടുവകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം വീട്ടിൽനിന്നിറങ്ങുന്ന മക്‌സൂദ് നേരെ മൃഗശാലയിലാണ് എത്തിയിരുന്നത്. ജോലിക്ക് കൃത്യമായി ഹാജരാകാത്തതിനാൽ, തൊഴിലുടമ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, കടുവാപ്രേമം തലയ്ക്ക് പിടിച്ചതോടെ, ജോലിക്ക് പൂർണമായും പോകാതായി. ഇതോടെ മക്സൂദിൻറെ ജോലിയും നഷ്ടപ്പെട്ടു. ജോലി ചെയ്ത് സമ്പാദിക്കുന്ന പണം മുഴുവൻ മൃശാലയിൽ കയറാനുള്ള ടിക്കറ്റെടുക്കാനാണ് മക്‌സൂദ് ചെലവാക്കിയിരുന്നത്.കൊൽക്കത്തക്കാരിയായ ഫാത്തിമയെ ഒരു വർഷം മുമ്പാണ് മക്സൂദ് വിവാഹം കഴിച്ചത്.ഫാത്തിമ ഇപ്പോൾ ഏഴുമാസം ഗർഭിണിയാണ്.വേർപെട്ടുകഴിഞ്ഞിരുന്ന മക്‌സൂദിന്റെ മാതാപിതാക്കൾ മകന്റെ മരണത്തോടെ ഒന്നിച്ചുവെന്ന് അയൽവാസികൾ പറയുന്നു. അമ്മ ഇസ്രത്തിനൊപ്പമായിരുന്നു മക്സൂദ് താമസിച്ചിരുന്നത്.
–
Leave a Reply