Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിസ്റ്റര്‍, അനബെല്ല, കന്‍ജ്വറിങ്ങ്, മാമ, ഇന്‍സിഡിയസ് തുടങ്ങി നിരവധി ഹൊറര്‍ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കണ്ടതിനു ശേഷം രാത്രി ഉറങ്ങാന്‍ പാടുപെട്ടിട്ടുമുണ്ട്. ചിലര്‍ക്കെങ്കിലും ഹൊറര്‍ സിനിമകള്‍ കണ്ടു പേടിക്കുക എന്നത് പ്രത്യേക രസമാണ്. അതുകൊണ്ടു തന്നെയാണല്ലോ മേല്‍പ്പറഞ്ഞ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റായത്.
ഇത്തരത്തിലുള്ള പ്രേത സിനിമകള്‍ക്കെല്ലാം തന്നെ പശ്ചാത്തലമായി ഒരു വീട് കാണും. പ്രേതാലയം പോലെ തന്നെയുള്ള ഒരു വീട്. എന്നാല്‍ ജീവിതത്തില്‍ ഇത്തരമൊരു വീട്ടില്‍ കഴിയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു വീട്ടില്‍ താമസിക്കണമെന്ന് ആഗ്രഹമുണ്ടോ? ഈ സാഹസത്തിന് തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് കാലിഫോര്‍ണിയയിലെത്താം.
സിനിമയിലല്ല, ശരിക്കും ജീവിതത്തില്‍ ഹൊറര്‍ സിനിമകളെ വെല്ലുന്ന ഒരു വീടുണ്ട് ഇവിടെ. മക്കാമെയ് മാനര്‍, കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഈ വീടുള്ളത്.
സൈക്കോ, സോ സീരിസ്, ടെക്‌സസ് ചെയിന്‍സോ മാസക്കര്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ കണ്ട് ഭ്രമിച്ചുപോയ റാസ് മക്കാമെയ് എന്ന വ്യക്തി, തന്റെ വീട് ഇത്തരത്തില്‍ മാറ്റിയെടുക്കുകയായിരുന്നു. സിനിമകള്‍ക്ക് പുറത്ത് ജീവിതത്തില്‍ തന്നെ ഇത്തരം അനുഭവങ്ങള്‍ അതിന് താല്‍പര്യമുള്ള ആളുകള്‍ക്ക് നല്‍കണം എന്നതായിരുന്നു റാസിനെ ഇതിലേക്ക് നയിച്ചത്.
മക്കാമെയ് മാനറിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഒരു സാക്ഷ്യപത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. സന്ദര്‍ശകര്‍ക്ക് എന്തുസംഭവിച്ചാലും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നു കാണിക്കാനാണിത്. കാരണം ഉളളിലേക്ക് കടന്നുകഴിഞ്ഞാല്‍ നേരിടേണ്ടത് മനസുമടുത്ത് പോകുന്ന കാര്യങ്ങളെയാണ്.
അതിഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് വീടിനകത്ത് കാത്തിരിക്കുന്നത്. വീട്ടിലെ ഓരോ മുറികളിലും പേടിപ്പിക്കാനായി പ്രത്യേകം പ്രത്യേകം ചേംബറുകളുണ്ട്. വീട്ടിലേക്ക് കടന്ന് ഇരുണ്ട ഇടനാഴി വഴി അകത്തേക്ക് കയറിയാല്‍ അപ്രതീക്ഷിതമായി ചതുപ്പുകളും പാമ്പുകളും പേടിപ്പെടുത്തുന്ന കാഴ്ചകളുമാണ് കാത്തിരിക്കുന്നത്.
ഏതു നിമിഷവും എവിടെ നിന്നും ഒരു രൂപം നിങ്ങള്‍ക്ക് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ പ്രത്യക്ഷപ്പെടും. തുടര്‍ന്നങ്ങോട്ട് രക്തം മരവിച്ച് പോകുന്ന അതിക്രമങ്ങളാണ് അരങ്ങേറുക. കയ്യും കാലും കെട്ടി എലിയും പാമ്പും മറ്റ് ഇഴജന്തുക്കളുമുള്ള ഇരുട്ടുമുറിയില്‍ തള്ളുക, വീടിനുള്ളിലെ അഴുക്കുചാലില്‍ കൊണ്ടിടുക, പ്രത്യേകം തയ്യാറാക്കി വെച്ചിരിക്കുന്ന കൃത്രിമ രക്തത്തില്‍ മുക്കുക എന്തിന് ചീമുട്ട വരെ കഴിക്കേണ്ടിവരും.
പിന്നീടുള്ളത് പലതും ഓരോ കെണികളാണ്. ഇതില്‍ ശവപ്പെട്ടിയില്‍ ലോക്കായാല്‍ പിന്നെ പറയുകയും വേണ്ട. ഈ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി സന്ദര്‍ശകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. വീണ്ടും വീണ്ടും കണ്ട് ആളുകള്‍ക്ക് പേടിച്ചു നിര്‍വൃതിയടയാം.
ഇത് മാത്രമല്ല ഏറ്റവും കൂടുതല്‍ സമയം വീടിനകത്ത് പിടിച്ചു നില്‍ക്കാനായി മത്സരവുമുണ്ട്. ആറുമണിക്കൂര്‍ വീടിനുള്ളില്‍ ചെലവഴിച്ച സാറ എന്ന യുവതിയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
സാഡിസം ഇഷ്ടമുള്ളവരുടെ നീണ്ടനിര തന്നെ മക്കാമെയ് മാനറിന് മുന്നില്‍ കാണാം. അടുത്തിടെ ഒരു ദമ്പതികള്‍ ഒന്ന് പേടിക്കാന്‍ 5 ലക്ഷം ഡോളറാണ് മുടക്കിയത്.
ഒരു റിയല്‍ ലൈഫ് ഹൊറര്‍ സിനിമയില്‍ അഭിനയിച്ച അനുഭവമാണത്രെ ഇവിടെനിന്നും പുറത്തിറങ്ങുമ്പോള്‍ ലഭിക്കുകയെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. എന്നാല്‍ ഇതുവരെയും ആരും തന്നെ വീടുമുഴുവന്‍ അനുഭവിച്ചു പൂര്‍ത്തിയാക്കിയിട്ടില്ലെന്നുള്ളതാണ് വാസ്തവം.
Leave a Reply