Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സി മാതൃകയില്‍ മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് യാത്രക്കാരെ അറിയിക്കാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗല്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ഇതിന്റെ പരീക്ഷണ ഉപയോഗം തുടങ്ങി. ദൂരം കണക്കാക്കുന്നതിലെ കൃത്യതയ്ക്കായി ഓട്ടോറിക്ഷകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.
ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും.
സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താമെന്നതാണ് മറ്റൊരു നേട്ടം. യാത്രക്കൂലി ഈടാക്കുന്നതിലെ തര്‍ക്കം പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയും. പദ്ധതിയില്‍ ഒട്ടേറെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലീഗല്‍മെട്രോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. പൊതുവാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഓട്ടോറിക്ഷകളെയും ഉള്‍ക്കൊള്ളിക്കാനാണ് നീക്കം. അമിതകൂലി സംബന്ധിച്ച് ഒട്ടേറെ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഐ.ടി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിഹാരംകാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
മീറ്റര്‍ ഘടിപ്പിക്കേണ്ട ചുമതല മോട്ടോര്‍വാഹന വകുപ്പിനാണ്. മീറ്ററുകളിലെ ക്രമക്കേടുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മാത്രമാണ് ലീഗല്‍ മെട്രോളജി വകുപ്പിന് അനുമതിയുള്ളത്. ഇരു വകുപ്പുകളുടെയും ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കുക. ഓണ്‍ലൈന്‍ വഴി യാത്രക്കൂലി നിശ്ചയിക്കാന്‍ നിയമപരമായ സാധുതയും ഉറപ്പുവരുത്തേണ്ടതുണ്ട്. 2011-ലെ ലീഗല്‍മെട്രോളജി ജനറല്‍ റൂള്‍ പ്രകാരമാണ് ലീഗല്‍മെട്രോളജി വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനത്തെയും ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Leave a Reply