Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 10:03 am

Menu

Published on November 7, 2017 at 12:49 pm

എട്ട് മാസത്തെ സമയം നല്‍കും; മമ്മൂട്ടിക്കും സന്തോഷ് ശിവനും താക്കീതുമായി പ്രിയദര്‍ശന്‍

mohanlal-mammootty-priyadharshan-santhosh-sivan-kunjali-marakkar

മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ ചിത്രവുമായി എത്തുന്ന എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തോട് പരസ്യമാക്കിയതിന് പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടിയും സോഷ്യല്‍ മീഡിയ വഴി അറിയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ചിത്രവുമായി എത്തുന്നു എന്ന വാര്‍ത്ത ചൂട് പിടിക്കുന്നതിനു മുന്‍പു തന്നെ വിവാദങ്ങള്‍ ഒഴിവാക്കാനായി തന്റെ ചിത്രം ഉപേക്ഷിക്കുകയാണെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചു. ‘മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന’ പ്രസ്താവനയോടൊപ്പമാണ് താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇപ്പോഴിതാ താന്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നില്‍ക്കൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യക്തമാക്കുകയും മമ്മൂട്ടിക്കും സന്തോഷ് ശിവനും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കുമെന്നും തന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ താന്‍ പ്രോജക്ടുമായി മുന്നോട്ട് പോകുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ താന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണെന്നതാണ് ഇതിന് കാരണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സമാനമായ ഒരു അവസ്ഥ ബോളിവുഡില്‍ ഉണ്ടായതും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഭഗത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച, 2002ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്റെ 23 മാര്‍ച്ച് 1931 ഉം വന്‍ പരാജയമായിരുന്നു. എന്നു മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെ പോലും ബാധിച്ചുവെന്നും ഇതേ അവസ്ഥ മലയാള സിനിമയില്‍ ഉണ്ടായിക്കാണാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പ്രിയദര്‍ശന്‍ അറിയിച്ചു.

നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നത്. അതില്‍ നാലാമത് നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് മമ്മൂട്ടിയുടെയും സന്തോഷ് ശിവന്റെയും തീരുമാനമറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News