Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:50 am

Menu

Published on November 21, 2014 at 2:43 pm

സദാചാര പോലീസിനെതിരെ മോഹൻലാലിന്‍റെ ബ്ലോഗ്

mohanlals-blog-against-moral-policing

സദാചാര പൊലീസിനെ രൂക്ഷമായി വിമർശിച്ച്    സൂപ്പര്‍ താരം മോഹൻലാലിന്‍റെ ബ്ലോഗ്.‘സദാചാരത്തിന്റെ പകയും പൂക്കളും’ എന്ന തലക്കെട്ടില്‍ ബ്ലോഗിലാണ് ലാൽ സദാചാര പൊലീസിനെ ആഞ്ഞടിച്ചിരിക്കുന്നത്..സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒരു കാര്യമല്ല. സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികള്‍ കാട്ടികൂട്ടുന്നത്. പ്രാകൃതഗോത്ര രീതിയാണിതെന്നും ലാല്‍ വ്യക്തമാക്കുന്നു.

ബ്ലോഗിൻറെ പൂർണ രൂപം

 

സദാചാരത്തിന്റെ പുകയും പൂക്കളും

കഴിഞ്ഞദിവസം എന്റെയൊരു സുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യയെ കോഴിക്കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് തീവണ്ടി കയറ്റിവിട്ടശേഷം ഒരു റസ്റ്റോറന്റില്‍ ഇരുന്ന് രാത്രിഭക്ഷണം കഴിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് ഒരു സംഘം യുവാക്കള്‍ ഇരിപ്പുണ്ടായിരുന്നു. ചുംബനസമരവും സദാചാരപ്പോലീസിങ്ങുമായിരുന്നു അവരുടെ സംസാര വിഷയം. അതിലൊരാള്‍ പറഞ്ഞുവത്രേ, ‘ഇനി ഇതിനെക്കുറിച്ച് ലാലേട്ടന്റെ അഭിപ്രായം ഒന്നറിയണം.’

ഇത് എന്റെ മേനി പറച്ചിലായി നിങ്ങള്‍ കരുതരുത്. എന്റെ വാക്കുകള്‍ക്ക് മഹത്തായ മൂല്യം ഉണ്ടെന്നതരത്തിലും എടുക്കരുത്. ചില പൊതുവിഷയത്തെക്കുറിച്ച് ഞാന്‍ ബ്ലോഗില്‍ എഴുതുന്നത് കൊണ്ടായിരിക്കാം അയാള്‍ അങ്ങിനെ പറഞ്ഞത്. അതിനെ ഞാന്‍ മാനിക്കുന്നു. പലരുടേയും ഈ കരുതല്‍ എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു. ഇങ്ങനെ ഒരു സംഭാവഷണം അവിടെ നടന്നില്ലെങ്കില്‍ പോലും ഇതിനെക്കുറിച്ച് തന്നെ എഴുതണം എന്നുവിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍.

കേരളത്തില്‍ കോഴിക്കോട് ഡൗണ്‍ടൗണ്‍ എന്ന റസ്‌റ്റോറന്റ് ‘ചുംബന അനാശാസ്യം’ നടക്കുന്നു എന്നു പറഞ്ഞു ചിലര്‍ തല്ലിത്തകര്‍ത്ത ദിവസം ഞാന്‍ ബംഗ്ലൂരിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഞാനീ ബാംഗ്ലൂര്‍ നഗരത്തിലായിരുന്നു.  ഒരുപാട് കാര്യങ്ങള്‍ കൊണ്ട് എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നഗരമാണ് ബാംഗ്ലൂര്‍. പണ്ട് ബാംഗ്ലൂര്‍ പെന്‍ഷനേഴ്‌സ് പാരഡൈസ്- പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗ്ഗം എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ശിഷ്ടകാലം ശാന്തമായി ജീവിക്കാന്‍ പറ്റിയ ഒരുപാട് ഘടകങ്ങള്‍ അവിടെ ഒത്തിണങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ബാംഗ്ലൂര്‍ പെന്‍ഷന്‍ പറ്റിയവരുടെയല്ല, പ്രണയികളുടെ സ്വര്‍ഗ്ഗമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലവേഴ്‌സ് പാരഡൈസ്. അത്രയ്ക്ക് സ്വതന്ത്രമായിട്ടാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ അടുത്ത് ഇടപഴകുന്നത്. റസ്റ്റോറന്റുകളിലും, പബ്ബുകളിലും പാര്‍ക്കുകളിലും എല്ലാം പ്രണയത്തിന്റെ ഈ ഭംഗി കാണാം. അതുകണ്ട് ആസ്വദിക്കുന്നത് ഒരാനന്ദമാണ്. അസൂയയും അസഹിഷ്ണുതയും ഉണ്ടാവരുത് എന്ന് മാത്രം. ആരും ഈ പ്രണയിനികളുടെ സ്വകാര്യതയില്‍ ഇടപെടാറില്ല. ലോകം അവരെ ആ സ്വര്‍ഗ്ഗത്തില്‍ വിഹരിക്കുവാന്‍ അനുവദിക്കുന്നു.

കൊച്ചിയില്‍ ചുംബനസമരം നടക്കുന്ന ദിവസം ഞാന്‍ അതിന്റെ ചുറ്റുവട്ടത്തില്‍ത്തന്നെയുണ്ടായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഞാനും മഞ്ജുവാര്യരുമെല്ലാം. കലാപം പടര്‍ന്ന ഒരു നഗരത്തിന്റെ അവസ്ഥയിലായിരുന്നു കൊച്ചി. അടിപിടി, ബഹളം, പോലീസ്, ലാത്തി, കണ്ണീര്‍വാതകം, അറസ്റ്റ്, ലോക്കപ്പ്, ചാനല്‍ചര്‍ച്ച.. എന്തിന് വേണ്ടി? പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് പാര്‍ക്കുകളിലോ മറ്റിടങ്ങളിലോ ഇരുന്ന് ഒന്ന് ചുംബിക്കുവാന്‍ വേണ്ടി. ബംഗ്ലൂരിലോ മറ്റേതെങ്കിലും ഇന്ത്യന്‍ മെട്രോകളിലോ ഈ ആവശ്യത്തിനുവേണ്ടി ഇങ്ങനെയൊരു സമരം നടക്കും എന്ന് തോന്നുന്നില്ല. ആണ്‍പെണ്‍ സൗഹൃദങ്ങളെ സമീപിക്കുന്നതില്‍ നാം ഇപ്പോഴും ഏറെ പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ്.

സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികള്‍ കാട്ടിക്കൂട്ടുന്നത്? റസ്റ്റോറന്റുകള്‍ തല്ലിത്തകര്‍ക്കുന്നു. ആളുകളെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നു. കാമുകീ കാമുകന്‍മാര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ അയക്കുന്നു. ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും ഖാപ്പ് പഞ്ചായത്ത് എന്ന ഒരു പരിപാടിയുണ്ട്.

ജാതിപരമായോ സാമ്പത്തികമായോ എതിര്‍പ്പുള്ള വിവാഹങ്ങളെ ആളെക്കൊന്നു ഇല്ലാതാക്കുന്ന രീതി പ്രാകൃത ഗോത്രരീതി. വിദ്യാഭ്യാസം കുറഞ്ഞ സമൂഹം ഇത് ചെയ്യുന്നത് നമുക്ക് മനസിലാക്കാം. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഞെളിയുന്നു നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപ്പോലീസാവുന്നത് എത്രമാത്രം ലജ്ജാകരമാണ്..!

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബസ്സില്‍ വെവ്വേറെ സീറ്റുകളുള്ള സമൂഹമാണ് നമ്മുടേത്. ഇപ്പോഴും നമ്മുടെ സബസ്സുകളില്‍ ഒരു സ്ത്രീ ഇരിക്കുന്ന സീറ്റില്‍ പുരുഷനോ, തിരിച്ചോ ഇരിക്കില്ല. തോണ്ണൂറു വയസ്സുള്ള അമ്മൂമ്മയുടെ അടുത്ത് സീറ്റ് ഒഴിവുണ്ടെങ്കിലും പതിനെട്ടുകാരന്‍ പയ്യന്‍ ഇരിക്കാതെ കമ്പിതൂങ്ങഇ നില്‍ക്കും. ഇതല്ലേ യഥാര്‍ത്ഥ സദാചാര വൈകൃതം? സ്ത്രീയും പുരുഷനും തമ്മില്‍ സെക്‌സ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന ലോകത്തെ ഏക സമൂഹം കേരളത്തിലെ മലയാളികളായിരിക്കാം. സ്ത്രീക്കും പുരുഷനുമിടയില്‍ സൗഹൃദം നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം, മാതൃ-പുത്രഭാവം, ശരീരബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്കറിയുകയേ ഇല്ല, എന്നാല്‍ സെക്‌സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നുവയസ്സുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്‌സ്. വിചിത്രമായ ഒരവസ്ഥയിലാണ് മലയാളി ചെന്ന് പെട്ടിരിക്കുന്നത്.

മറ്റൊരു പ്രധാന അപകടം നമ്മുടെ സദാചാരത്തിന് ചില കാവലാളുകള്‍ വന്നിരിക്കുന്നു എന്നതാണ്. രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും സദാചാര സംരക്ഷണ സേനയായി രംഗത്തുവന്നു കഴിഞ്ഞു. ഇവരാരും ഇത്ര വീര്യത്തോടെ ഒരു പൊതുപ്രശ്‌നത്തിലും ഇടപെട്ടിട്ടില്ല. റോഡുകള്‍ തോടാവുമ്പോള്‍, മൂന്ന് വയസ്സുകാരി പീഡിപ്പിക്കപ്പെടുമ്പോള്‍, മന്ത്രവാദം ചെയ്ത് മനുഷ്യന്‍ മരിയ്ക്കുമ്പോള്‍, മാലിന്യം ചുറ്റിലും കുന്നുകൂടുമ്പോള്‍, കുടിവെള്ളം മലിനമാകുമ്പോള്‍, റോഡില്‍ ഒരു മനുഷ്യന്‍ അപകടത്തില്‍പ്പെട്ട ചോര വാര്‍ത്ത് കിടക്കുമ്പോള്‍, അമ്മമാരും അച്ഛന്മാരും വൃദ്ധസദനങ്ങളില്‍ തള്ളപ്പെടുമ്പോള്‍ ഒന്നും ഇവരെ ഇത്രയും പ്രതികരണ ബോധത്തോടെ കാണാറില്ല. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ചോദിച്ചതുപോലെ ഏതെങ്കിലും ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതിന് ഈ രാഷ്ട്രീയക്കാരും മതനേതാക്കളും അങ്ങോട്ട് ജാഥ നടത്തിയിട്ടുണ്ടോ? ചുംബനത്തേക്കാള്‍ ഏറ്റവും അടിയന്തിരമായ പ്രശ്‌നം അതാണല്ലോ.

ഇന്ത്യ എന്നത് വ്യക്തമായ നിയമസംവിധാനമുള്ള ഒരു രാജ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളോ മതാധ്യക്ഷന്മാരോ അല്ല നമ്മുടെ നിയമപാലകര്‍. അവര്‍ നിയമം കയ്യിലെടുക്കുമ്പോഴാണ് നാട് കലഹത്തിലേക്ക് വീഴുന്നത്. ഇക്കൂട്ടര്‍ രണ്ടുപേരുമല്ല ഒരു തലമുറയുടേയും ജീവിതം നിശ്ചയിക്കേണ്ടത്.

സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒരു കാര്യമല്ല. അത് പൂര്‍ണ്ണമായും നിയമാവലികളില്‍ ഒതുക്കാവുന്നതല്ല. ഒരുപാട് കാര്യങ്ങളില്‍ അത് വ്യക്തി അധിഷ്ഠിതമാണ്. അതില്‍ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ല. അതേസമയം ക്രമീകൃതമായ ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ചില മുന്‍കരുതലുകളും മാനിക്കലുകളും നമ്മള്‍ എടുക്കുകയും വേണം. ഇതും വ്യക്തി അധിഷ്ഠിതമാണ്. ഇതിനെ പച്ചമലയാളത്തില്‍ വിവേകം എന്ന് പറയും. വ്യക്തി സ്വാതന്ത്ര്യവും വ്യക്തിവിവേകവും പരസ്പരം ബഹുമാനത്തോടെ കടന്നുപോകേണ്ടുന്ന ഒന്നാണ്. പരസ്പര ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുമ്പില്‍ വെച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത….

സ്‌നേഹ ചുംബനങ്ങളോടെ…

മോഹന്‍ലാല്‍

mohalal blog

mohalal blog1

 

Loading...

Leave a Reply

Your email address will not be published.

More News