Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: കേരളത്തിൽ ‘കുരങ്ങന്‍ പനി’ എന്ന അപകടകാരിയായ വൈറല്‍പനി പടരുന്നതായി റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങുകളിലാണ് മാരകമായ രോഗം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത്. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ ‘കുരങ്ങന്‍ പനി ‘ എന്ന പേരുള്ള ഈ അസുഖം മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതാണ്.ബി ഗ്രൂപ്പ് ആര്‍ബോ വൈറസ് പടര്‍ത്തുന്ന ഈ രോഗം മനുഷ്യനില്‍ മരണംവരെ ഉണ്ടാക്കാവുന്നതരത്തില്‍ ഗുരുതരമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം കണ്ടെത്തുന്നത്. 1957ല്‍ കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. കര്‍ണ്ണാടകയിലെ കൈസന്നൂര്‍ വനമേഖലയില്‍ രോഗം കണ്ടെത്തിയതിനാലാണ് ഈ പേര് കിട്ടിയത്. കുരങ്ങന്മാരിലുള്ള ചെള്ളിലൂടെയാണ് രോഗം പടരുന്നത്. കുരങ്ങുകളില്‍ രോഗം ബാധിച്ചാല്‍ കൂടുതല്‍ കുരങ്ങുകളിലേക്ക് വൈറസ് പടരുകയും 20 ശതമാനം കുരങ്ങുകള്‍വരെ ചാകാനുള്ള സാധ്യതയുമാണുള്ളത്. 3 മുതല്‍ 8 വരെ ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
മനുഷ്യനില്‍ രണ്ട് ഘട്ടമായാണ് ഈ രോഗം പിടിപെടുന്നത്. പനി, കുളിര്, വയറുവേദന, ഛര്‍ദില്‍, തലവേദന എന്നിവയാണ് ആദ്യഘട്ടത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ ചികിത്സ നടത്തിയാല്‍ ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളില്‍ ചിലര്‍ക്ക് രോഗം മാറും. എന്നാല്‍, 10 മുതല്‍ 20 ശതമാനംവരെയുള്ള ആളുകള്‍ക്ക് രോഗത്തിന്റെ രണ്ടാംഘട്ടം പിടിപെടും. മൂന്ന് ആഴ്ചകള്‍ക്കുശേഷമാണ് രോഗം കൂടുതല്‍ അപകടകാരിയാകുന്നത്. രണ്ടാംഘട്ടത്തില്‍ നാഡീപ്രവര്‍ത്തനങ്ങളെയും തലച്ചോറിനെയും കാര്യമായി ബാധിക്കും. കാഴ്ചത്തകരാറുകളും ഉണ്ടാകും. രണ്ടാംഘട്ടം രോഗംപിടിപെടുന്നവരില്‍ 5 ശതമാനം ആളുകള്‍ മരിക്കാനുള്ള സാധ്യതയാണുള്ളത്.രണ്ട് മാസം മുമ്പാണ് വള്ളിക്കാവ് ക്ഷേത്രാധികൃതര്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൃഗസംരക്ഷ വകുപ്പുമായി ബന്ധപ്പെട്ടത്.രോഗലക്ഷണം ഉള്ള കുരങ്ങിനെ പിടികൂടി ഷിമോഗയിലെ ലാബില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.കുരങ്ങന്മാരിലെ ചെള്ളുകടിയേറ്റാണ് കുരങ്ങുകള്‍ക്ക് ഈ പനി പിടിക്കുന്നത്. ഈ കീടത്തിന്റെ കടിയേറ്റാല്‍ മനുഷ്യര്‍ക്കും പനി പിടിക്കും. നേരത്തേ വയനാട്ടില്‍ മനുഷ്യരില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രവുമായി ചുറ്റപ്പെട്ടുകിടക്കുന്ന എട്ടര ഏക്കറോളം വരുന്ന കാവ് നൂറ്റാണ്ടുകളായി കുരങ്ങന്മാരുടെ വാസസ്ഥാനമാണ്. ഇരുന്നൂറോളം കുരങ്ങുകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
Leave a Reply