Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തില്‍ ഒരുമിച്ചിരുന്ന യുവാവിനെയും യുവതിയേയും ചോദ്യം ചെയ്ത പൊലീസിന്റെ സദാചാര പൊലീസിങ്ങ് ഫേസ്ബുക്ക് ലൈവില്‍.
കനകക്കുന്ന് കൊട്ടാരത്തില്‍ തോളില്‍ കൈയിട്ടിരുന്ന വിഷ്ണുവിനേയും ആതിരയേയും മോശമായി പൊതു സ്ഥലത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് മ്യൂസിയം പൊലീസ് തടഞ്ഞുവെക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് ഇരിക്കുന്നത് കണ്ട് കല്യാണം കഴിഞ്ഞതാണോ എന്നും ചോദിച്ചെത്തിയ രണ്ട് വനിതാ പൊലീസുകാരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അല്ലെന്ന് പറഞ്ഞപ്പോള്‍, അനാശാസ്യക്കാരാണെന്ന് മുദ്ര കുത്താന്‍ ശ്രമിച്ച് സദാചാര പൊലീസിങ്ങിന് വിധേയരാക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ഇതിനിടയില്‍ വിഷ്ണു ഫേസ്ബുക്ക് ലൈവ് വഴി പൊലീസുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെയ്ക്കാനാരംഭിച്ചു. ഇതോടെ സദാചാര പൊലീസിങ്ങിനെത്തിയ വനിത പൊലീസുകാര്‍ കുടുങ്ങി. ഇതുകണ്ട് പൊലീസിന്റെ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്.
തുടര്‍ന്ന് സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ എന്ത് വകുപ്പിലാണെന്ന് ഇവര്‍ ചോദിച്ചു. ഇതോടെ പുരുഷ പൊലീസുകാരെയും വിളിച്ചുവരുത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസുകാര്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു.
അറസ്റ്റ് ചെയ്ത് നിങ്ങള്‍ എന്താണ് ഞങ്ങളെ ചെയ്യാന്‍ പോകുന്നത് എന്ന ചോദ്യത്തിന് വീട്ടുകാരെ അറിയിക്കും എന്നാണ് പൊലീസിന്റെ മറുപടി. ഇരുവരെയും തടഞ്ഞുവെച്ച പൊലീസ് ഇടയ്ക്ക് സാരോപദേശവും നല്‍കുന്നുണ്ട്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ച കാര്യം പറയുകയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയായ മകളെ അവളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് അച്ഛന്‍ പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.
കനകക്കുന്ന് കൊട്ടാരത്തിലെ പൊലീസ് സദാചാര ഗൂണ്ടായിസത്തിനെതിരെ മുന്‍പും സമാനമായ ആരോപണമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും ഇത്തരത്തില്‍ വേട്ടയാടുന്ന പൊലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഇത് തുടരുകയാണ്.
സദാചാര ഗൂണ്ടായിസത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുള്ള ഡി.ജി.പിയുടെ നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ്, പൊലീസ് തന്നെ ഇത്തരം കാര്യങ്ങളിലേര്‍പ്പെടുന്നത്.
Leave a Reply