Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യക്കാരായ 714 പേരുടെ കള്ളപ്പണ സംബന്ധിയായ വിവരങ്ങൾ പുറത്തുവിട്ട പാരഡൈസ് വെളിപ്പെടുത്തലുകളെ കുറിച്ച് രാജ്യത്തെ വിവിധ ഏജൻസികൾ (മൾട്ടി ഏജൻസി ഗ്രൂപ്) സംയുക്ത അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വെളിപ്പെടുത്തലിൽ പേര് പറഞ്ഞിട്ടുള്ള 714 ഇന്ത്യക്കാരുടെ നികുതി വിവരങ്ങളും മറ്റും പരിശോധിക്കും. അനധികൃതമായ ഇടപെടൽ കണ്ടാൽ നോട്ടീസ് നൽകി നടപടികളുമായി മുന്നോട്ട് പോകുമെന്നും മൾട്ടി ഏജൻസി വ്യക്തമാക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം, റിസര്‍വ്വ് ബാങ്ക് തുടങ്ങിയവയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം പലരും മൾട്ടി ഏജൻസിയിലുണ്ട്.
പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂഷെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ) 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സംയുക്ത അന്വേഷണം നടത്തിയത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19-ാം സ്ഥാനമാണ്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്.
ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.
ജയന്ത് സിന്‍ഹ പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2013 ലാണ് അദ്ദേഹം രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്. 2 ജി സ്‌പെകട്രം വില്‍പ്പനയിലെ ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത, അമിതാഭാ ബച്ചന്‍ എന്നിവരും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Leave a Reply