Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ക്കൊപ്പം നിലവിലെ മദ്യപാന മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ പരിഹസിച്ച് നടന്‍ നെടുമുടി വേണു.
യഥാര്‍ത്ഥത്തില്‍ സിനിമയില്‍ മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത് കട്ടന്‍ചായയാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ പിന്നെന്തിനാണ് കട്ടന്‍ചായ കുടിക്കുന്നതിന് മദ്യപാന മുന്നറിയിപ്പ് നല്‍കുന്നതെന്നാണ് നെടുമുടി വേണു ചോദിക്കുന്നത്.
കട്ടന്‍ചായ കുടിക്കുമ്പോള്‍ മദ്യപാനത്തിന്റെ നിയമവശങ്ങള്‍ എഴുതികാണിക്കണമെന്ന് പറയുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വേണമെങ്കില്‍ കേസ് കൊടുക്കാവുന്നതാണെന്നും നെടുമുടി വേണു ചൂണ്ടിക്കാട്ടി. നാനയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
അങ്ങനെ എഴുതിക്കാണിച്ചാല്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. എന്നാല്‍ നിയമവിരുദ്ധമായ എത്രയോ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നു. അതിനെതിരെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സിനിമയിലെ മറ്റുള്ള കൊടും ക്രൂരതകളൊന്നും സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ കുറ്റകരമല്ലേ. സിനിമയില്‍ അച്ഛനെ കൊല്ലുന്നു, ഭാര്യയെ കൊല്ലുന്നു. കൂട്ടുകാരന്‍ കൂട്ടുകാരനെ കൊല്ലുന്നു. മോഷണവും പിടിച്ചുപറിയും മര്‍ദ്ദനവും എല്ലാം നടക്കുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് വഴിമാറുന്നുവെന്നും നെടുമുടി വേണു ചോദിക്കുന്നു.
സിനിമ ഒരു കലാരൂപമാണ്. ഒരുനല്ല കലാരൂപമെന്ന നിലയില്‍ സിനിമയെ കണ്ടാല്‍ മതിയാകും. ജീവിതത്തിലില്ലാത്തത് പലതുമാണ് സിനിമയില്‍ കാണിക്കുന്നത്. പ്രണയഗാനം ജീവിതത്തിലുണ്ടോ? പ്രണയിക്കുന്നവരുണ്ടാകും. അവര്‍ പ്രണയഗാനം പാടിനടക്കാറുണ്ടോ? മരം ചുറ്റി നടക്കാറുണ്ടോ, നെടുമുടി വേണു ചോദിക്കുന്നു.
Leave a Reply