Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹെല്‍മെറ്റില്ലാതെയും പൊലീസിനെ പറ്റിക്കാന്‍ മാത്രം ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്. ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് അപകടത്തില്‍ ഇനി നഷ്ടപരിഹാരം ലഭിക്കില്ല.
ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എല്‍ നാരായണസ്വാമിയാണ് വിധിച്ചത്.
ഉത്തരവിനൊപ്പം ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റുകളില്‍ നിര്‍മ്മാതാക്കളുടെ പേരും, നിര്‍മ്മാണ തിയതിയും, അളവും കൃത്യമായി രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
2014 മെയ് മാസം നടന്ന അപകടത്തില്‍ ബന്ധപ്പെട്ട ഇരുചക്ര വാഹനയാത്രികന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയില്ല എന്ന കേസിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി. അപകടത്തില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഇന്‍ഷൂറന്‍സ് കമ്പനി അപ്പീല്‍ നല്‍കുകയായിരുന്നു.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചാണ് അപകടത്തില്‍പെടുന്നതെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല.
ഇന്ത്യയില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിയമലംഘനമാണ്. കേരളം ഉള്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
നഷ്ടപരിഹാരം നിഷേധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപകട ഭീഷണി ഉയര്‍ത്തുന്ന ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ പ്രചാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഡിഓട്ടി, ഇസിഇ, സ്നെല്‍ തുടങ്ങിയ ഉന്നത ഗുണനിലവാര മുദ്രയുള്ള ഹെല്‍മറ്റുകളുടെ നിയമസാധുത പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐ.എസ്.ഐ മുദ്രയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഉന്നത ഗുണനിലവാരമുള്ള ഇത്തരം ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കുന്ന അധികൃതരുടെ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
പൊലീസിന്റെ പിഴയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകളെയാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. ഇത് അപകടം വരുത്തിവെക്കുന്ന കാര്യമാണ്.
Leave a Reply