Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബറേലി:അനാവശ്യമായി അപായച്ചങ്ങല ഉപയോഗിക്കുന്നത് കാരണം ട്രെയിൻ വൈകുന്നതിനാൽ റെയിൽവെയ്ക്കുണ്ടായ 3,000 കോടി രൂപയുടെ നഷ്ടം കണക്കിലെടുത്ത്, അടിയന്തര ഘട്ടങ്ങളിൽ ട്രെയ്ൻ നിർത്തുന്നതിനായി കോച്ചുകളിൽ സജീകരിച്ചിട്ടുള്ള അലാം ചങ്ങലകൾ നീക്കം ചെയ്യാൻ റെയിൽവെ മന്ത്രാലയം തീരുമാനത്തിലെത്തിരിക്കുന്നു.
ബറേലിയിലെ ഇസത് നഗറിലെ കോച്ചു ഫാക്ടറിയിൽ ട്രെയിനുകളിൽ നിന്ന് ചങ്ങലകൾ നീക്കം ചെയ്യുന്ന ജോലി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അറ്റകുറ്റപണികൾക്കായി ഇവിടെയെത്തുന്ന ട്രെയിനുകൾക്കാണ് ആദ്യഘട്ടത്തിൽ ചങ്ങലകൾ നീക്കം ചെയ്യുന്നത്. യാത്രക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ട്രെയിൻ നിറുത്തേണ്ടി വന്നാൽ ബദൽ സംവിധാനമായി ഡ്രൈവറുടെയോ അസിസ്റ്റന്റ് ഡ്രൈവറുടെയോ മൊബൈൽ ഫോൺ നമ്പർ കോച്ചുകളിൽ പ്രദർശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
യാത്രക്കാർക്കായി വോക്കി ടോക്കി സംവിധാനവും ഏർപ്പെടുത്തും. മൂന്നു കോച്ചുകളിൽ വോക്കി ടോക്കിയുമായി ഒരു ജീവനക്കാരൻ എന്ന നിലയിൽ ട്രെയിനുകളിൽ ജോലിക്കാരെ നിയമിക്കാനും ധാരണയായിട്ടുണ്ട്. രാജ്യത്തെ റെയിൽ കോച്ച് ഫാക്ടറികളിൽ നിന്നും പുതിയതായി നിർമ്മിക്കുന്ന കോച്ചുകളിൽ അപായച്ചങ്ങല നിർമ്മിക്കുന്നില്ലെന്ന് വടക്കു കിഴക്കൻ റെയിൽവെയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ രാജേന്ദ്ര സിംഗ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇതിനകം തന്നെ റെയിൽവേ ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്.
Leave a Reply