Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കായ വറുത്തത്
–
പച്ചക്കായ – 5-6 എണ്ണം (നീളത്തിൽ നാലായി മുറിച്ച ശേഷം ചെറുതാക്കി മുറിച്ചത്)
മഞ്ഞൾ പൊടി – 2 ടീസ്പൂണ്
വെള്ളം
ഉപ്പ് –
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിലേക്ക് ആദ്യം മുറിച്ചു വെച്ച പച്ചക്കായ കുറച്ചു നേരം ഇട്ടു വെക്കുക.
അടുപ്പിൽ കട്ടിയുള്ള ഒരു ചീന ചട്ടി വെച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കുക.
അതിലേക്ക് മഞ്ഞൾ വെള്ളത്തിൽ നിന്നും കോരിയ പച്ചക്കായ ഇട്ട് നന്നായി വറക്കുക.
മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.
–
–
ശർക്കര ഉപ്പേരി
–
പച്ചക്കായ – 5 എണ്ണം
ശർക്കര – 10 എണ്ണം
ഏലക്കായ – 5 എണ്ണം പൊടിച്ചത്
ചുക്ക് പൊടി – 1 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര – 2-3 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി – 2 ടീസ്പൂണ്
ഉപ്പ്
വെള്ളം
മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിലേക്ക് ആദ്യം മുറിച്ചു വെച്ച പച്ചക്കായ കുറച്ചു നേരം ഇട്ടു വെക്കുക.
അടുപ്പിൽ കട്ടിയുള്ള ഒരു ചീന ചട്ടി വെച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കുക.
അതിലേക്ക് മഞ്ഞൾ വെള്ളത്തിൽ നിന്നും കോരിയ പച്ചക്കായ ഇട്ട് നന്നായി വറക്കുക.
മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.
അല്പം നേരം തണുക്കാൻ വെക്കുക.
വേറെ ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ശർക്കര അധികം വെള്ളം ഒഴിക്കാതെ ഉരുക്കി ഒരു നൂൽ പരുവമാകുന്നതു വരെ തിളപ്പിക്കുക. അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന പച്ചക്കായയും, ഏലക്കായ പൊടിച്ചതും, ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശർക്കര പാനി ഒന്ന് കട്ടിയായി പച്ചക്കായ വരുതത്തിനു മുകളിൽ നന്നായി പിടിച്ചു കഴിഞ്ഞാൽ പഞ്ചസാര കൂടെ ചേർത്ത് ഇളക്കുക.
വെള്ളത്തിന്റെ അംശം ഒട്ടും ഇല്ലാതെ ആകുമ്പോൾ തീയിൽ നിന്നും മാറ്റി വെക്കാം.
–
കാബേജ് തോരൻ
–
കാബേജ് – 2 കപ്പ് ചെറുതാക്കി മുറിച്ചത്
ഉഴുന്ന് പരിപ്പ് – 2 ടീസ്പൂണ്
കടുക് – 1 ടീസ്പൂണ്
മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്
തേങ്ങ ചുരണ്ടിയത് – ഒരു പിടി
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയിൽ അല്പ്പം വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് ഇട്ട് പൊട്ടിക്കുക.
അതുനു ശേഷം ഉഴുന്ന് പരിപ്പ് കൂടെ ചേർത്ത് ചുവപ്പ് നിറമാകുന്നതു വരെ വറക്കുക.
കാബേജ് ചെറുതാക്കി മുറിച്ചതും ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി തിരുമ്മി വെക്കുക.
ആ കൂട്ട് കൂടെ കടുക് പൊട്ടിച്ചതിലേക്ക് ഇട്ട് നന്നായി ഇളക്കുക.
കാബേജ് ഒന്ന് വെന്ത ശേഷം അതിലേക്ക് കറിവേപ്പിലയും ഇട്ട് വാങ്ങി വെക്കുക.
–
പരിപ്പ് കറി :
–
1. ചെറുപയർ പരിപ്പ് (moong dal) – 100 gm (ഏകദേശം 1 cup)
2. ചുരണ്ടിയ തേങ്ങ – അര മുറി
ജീരകം – അര ടീസ്പൂണ്
പച്ചമുളക് – 2-3 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്
3. നെയ്യ് – 2-3 ടീസ്പൂണ്
4. വെള്ളം – 2 കപ്പ്
5. ചുവന്നുള്ളി – 4-5 എണ്ണം
കടുക് – 1/4 ടീസ്പൂണ്
ഉണക്ക മുളക് – 2 എണ്ണം
കറിവേപ്പില
6. ഉപ്പ്
പാകം ചെയ്യുന്ന വിധം:
ആദ്യം തന്നെ 2 ലെ ചേരുവകൾ ഒന്നിച്ച് അധികം വെള്ളം ചേർക്കാതെ അരച്ച് വെക്കുക.
ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ വൃത്തിയാക്കിയ ചെറുപയർ പരിപ്പ് ഇട്ട് ചെറു തീയിൽ ഒന്ന് വറക്കുക. ഒന്ന് മണം മാറിയാൽ മതി(കളർ മാറാതെ നോക്കണം).
കുക്കറിലോ ചുവടു കട്ടിയുള്ള പത്രത്തിലോ കുറച്ചു വെള്ളം(2 കപ്പ്) തിളപ്പിച്ച ശേഷം അതിലേക്ക് വറുത്ത പരിപ്പും ഇട്ട് നല്ലപോലെ വേവിക്കുക. വെന്ത ശേഷം ഒരു മരത്തിന്റെ സ്പൂണ് അല്ലെങ്കിൽ സ്മാഷർ ഉപയോഗിച്ച് നല്ലപോലെ ഉടച്ചെടുകുക. അതിലേക്ക് ആദ്യം അരച്ചു വെച്ച കൂട്ട് ചേർക്കുക. അതിനോടൊപ്പം അൽപ്പം ഉപ്പും 1/2 കപ്പ് വെള്ളവും ചേർത്ത് തിളപിക്കുക. വെള്ളം ഒന്ന് വറ്റിയ ശേഷം അടുപ്പിൽ നിന്നും മാറ്റുക.
വേറെ ഒരു പത്രം അടുപ്പിൽ വെച്ച് പാത്രം ഒന്ന് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഇടുക. അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ച ശേഷം ചുവന്നുള്ളി മുറിച്ചതും, കറിവേപ്പിലയും, ഉണക്ക മുളകും ചേർത്ത് വരക്കുക. ഉള്ളി ഗോൾഡൻ കളർ ആകുമ്പോൾ ഈ വറവ് പരിപ്പ് വേവിച്ചതിലേക്ക് ചേർക്കുക. ചൂട് ചോറിനൊപ്പം വിളമ്പാം.
–
ഓലൻ:
–
വൻപയർ/ മമ്പയർ – 1/2 കപ്പ്
കുമ്പളങ്ങ/ ഇളവൻ – 2 1/2 കപ്പ് (ചതുര കഷ്ണങ്ങളാക്കിയത്)
പച്ചമുളക് – 4-5 എണ്ണം നീളത്തിൽ മുറിച്ചത്
വെള്ളം – 3 1/2 കപ്പ്
തേങ്ങാപ്പാൽ(കട്ടി പാൽ ആകണം) – 3/4 – 1 കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
വെള്ളത്തിൽ കുതിർത്ത വൻപയർ വൃത്തിയാക്കിയ ശേഷം ആവശ്യത്തിന് വെള്ളവും, ഉപ്പും, 2 പച്ചമുളകും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.(അധികം വേവാതെ നോക്കണം)
അതേ സമയം മറ്റൊരു ചുവടു കട്ടിയുള്ള പത്രത്തിൽ ഇളവൻ മുറിച്ചത് അൽപ്പം ഉപ്പും, 2 പച്ചമുളകും, ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇളവൻ വെന്ത് ഉടയരുത്.
വേവിച്ച വൻപയറും ഇളവനും ഒന്നിച്ച് ചേർക്കുക. അതിലേക്ക് തേങ്ങാപ്പാലും കറിവേപ്പിലയും ചേർക്കുക. ചെറുതീയിൽ ഒരു 5 മിനിറ്റ് വേവിക്കുക. തിളയ്ക്കരുത്.തീ അണച്ച ശേഷം അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് വെക്കുക.
–
എരിശ്ശേരി
–
മത്തങ്ങ – 3 1/2 കപ്പ് ചതുര കഷ്ണങ്ങൾ ആക്കിയത്
വെള്ളം – 2 കപ്പ്
തേങ്ങ – 1/3 കപ്പ്
ജീരകം – ഒരു നുള്ള്
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപൊടി – 1/2 ടീസ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ
വറക്കാൻ:
കടുക് – 1/2 ടീസ്പൂണ്
ചുവന്നുള്ളി – 4 എണ്ണം ചെറുതാക്കി മുറിച്ചത്
കറിവേപ്പില
തേങ്ങ – 2- 3 ടീസ്പൂണ്
മത്തങ്ങ 2 കപ്പ് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ച് ഉടയ്ക്കുക.
തേങ്ങയും ജീരകവും പച്ച മുളകും മഞ്ഞൾപൊടിയും 2 ടേബിൾ സ്പൂണ് വെള്ളം ചേർത്ത് അരച്ചെടുക്കുക.
വേവിച്ച് വെച്ച മത്തങ്ങയിലേക്ക് തേങ്ങ മിശ്രതം ചേർത്ത് ചെറുതീയിൽ വേവിക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അൽപ്പം വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചിരവിയത് ചേർത്ത് ചുവപ്പ് നിറമാകുന്ന വരെ വറുത്തെടുക്കുക. അത് മാറ്റി വെച്ച ശേഷം അതേ പത്രത്തിലേക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. അതിലേക്ക് ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും ഇട്ട് നിറം മാറുന്നത് വരെ വറുത്ത് വേവിച്ച മത്തങ്ങ കൂട്ടിലേക്ക് ഇടുക. തീ അണയ്ക്കുക. എന്നിട്ട് വറുത്തു വെച്ച തേങ്ങ കൂടെ അതിനു മുകളിൽ ചേർത്ത് ഇളക്കുക.
–
ഇഞ്ചി കറി
–
ഇഞ്ചി – 100 ഗ്രാം
പുളി – ഒരു ചെറുനാരങ്ങ വലിപ്പം
മുളക് പൊടി – 2 ടീസ്പൂണ്
മല്ലി പൊടി – 3 ടീസ്പൂണ്
ശർക്കര – 1 എണ്ണം
കടുക് – 1 ടീസ്പൂണ്
കറിവേപ്പില –
ഉപ്പ്
ഉലുവ പൊടി – 1 ടീസ്പൂണ്
വെളിച്ചെണ്ണ
ഇഞ്ചി നന്നായി വൃത്തിയാക്കിയ ശേഷം വട്ടത്തിൽ മുറിച്ചെടുക്കുക. അത് എന്നിട്ട് വെളിച്ചെണ്ണയിൽ വറുത്തെടുത്ത ശേഷം ഒന്ന് ചെറുതായി ചതച്ചെടുക്കുക.
പുളിയിൽ അല്പ്പം വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലുള്ള പുളിച്ചാറ് എടുത്തു വെക്കുക.
അതിലേക്ക് മുളക് പൊടിയും മല്ലിപൊടിയും ശർക്കരയും ഉപ്പും. ഇഞ്ചി വറുത്ത് പൊടിച്ചതും അല്പ്പം വെള്ളവും ചേർത്ത് ഇളക്കുക.
വേറെ ഒരു പത്രം ചൂടാക്കി അതിൽ അല്പ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
അതിലേക്ക് കറിവേപ്പിലയും പുളിവെള്ളവും ശർക്കരയും ഇഞ്ചി കൂട്ടും ചേർത്ത് തിളച്ച് കുറുകുന്ന വരെ വേവിക്കുക. അതിലേക്ക് ഉലുവ പൊടിയും ചേർത്ത് തീ അണയ്ക്കുക.
–
പാവയ്ക്കാ കിച്ചടി
–
പാവയ്ക്ക – 1 (ഇടത്തരം വലുപ്പമുള്ളത്)
പച്ച മുളക് – 3 – 4 എണ്ണം
തേങ്ങ ചുരണ്ടിയത് – 1/2 കപ്പ്
കടുക് – 1/4 ടീസ്പൂണ്
തൈര് – 1/2-1 കപ്പ്
കടുക് – 1/2 ടീസ്പൂണ്
ചെറിയുള്ളി – 2-3
ഉണക്ക മുളക് – 2 എണ്ണം
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തേങ്ങ ചിരകിയത് 1/4 ടീസ്പൂണ് കടുക് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക.
പാവയ്ക്ക ചെറിയ കഷ്ണങ്ങൾ ആകി വെക്കുക.
ഒരു പത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് പാവയ്ക്കാ കഷ്ണങ്ങൾ അതിൽ ഇട്ട് നന്നായി വറുക്കുക. ഇളം ചുവപ്പ് നിറം ആകുമ്പോൾ അത് കോരി മാറ്റി വെക്കുക.
അതെ എണ്ണയിലേക്ക് കറിവേപ്പിലയും പച്ചമുളകും ഇട്ട് 1-2 മിനിറ്റ് വഴറ്റുക.
അതിലേക്ക് വറുത്തു വെച്ച പാവയ്ക്ക കഷ്ണങ്ങളും അല്പ്പം ഉപ്പും ചേർത്ത ശേഷം അതിനോടൊപ്പം അരച്ചു വെച്ച തേങ്ങ കൂട്ട് കൂടെ ചേർക്കുക. തീ അണയ്ക്കുക.
എന്നിട്ട് തൈര് ഒന്ന് നന്നായി സ്പൂണ് കൊണ്ട് ഇളക്കിയ ശേഷം ഒഴിച്ച് നന്നായി യോജിപ്പിക്കുക.
വേറെ ഒരു പത്രം അടുപ്പിൽ വെച്ച് കത്തിച്ച് അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കുക. അതിലേക്ക് കറിവേപ്പിലയും ഉണക്ക മുളകും ചുവന്നുള്ളി അരിഞ്ഞതും ചേർത്ത് വറുക്കുക.
ഉള്ളിയുടെ നിറം മാറുമ്പോൾ തീ അണയ്ക്കുക. എന്നിട്ട് ഈ മിശ്രതം പാവയ്ക്ക കൂട്ടിനു മീതെ ഒഴിക്കുക.
–
കാളൻ
–
പച്ചക്കായ – 1 1/2 കപ്പ് ചതുര കഷ്ണങ്ങൾ ആക്കിയത്
ചുവന്നുള്ളി – 1 എണ്ണം ചെറുതാക്കി മുറിച്ചത്
പച്ച മുളക് – 3 എണ്ണം ചെറുതാക്കി അറിഞ്ഞത്
വെള്ളം – 1 കപ്പ്
തേങ്ങ – 1 കപ്പ്
ജീരകം – 1 നുള്ള്
മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്
തൈര് – 3 കപ്പ്
ചുവന്നുള്ളി – 3 എണ്ണം
കടുക് – 1/2 ടീസ്പൂണ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ആദ്യം ചുവടു കട്ടിയുള്ള പത്രത്തിൽ പച്ചക്കായ മുറിച്ചതും ചുവന്നുള്ളിയും പച്ചമുളകും അല്പ്പം ഉപ്പും മഞ്ഞളും ചേർത്തു വേവിക്കുക
തേങ്ങ, ജീരകം, മഞ്ഞൾ പൊടി എന്നിവ 2-4 ടേബിൾ സ്പൂണ് വെള്ളവും ചേർത്ത് നന്നായി അരയ്ക്കുക.
അതിലേക്ക് തൈര് കൂടെ ഒഴിച്ച് നന്നായി ഇളക്കുക.
വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കായ തീയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് തേങ്ങ തൈര് മിശ്രതം ചേർക്കുക.
വീണ്ടും തീ കത്തിച്ച് ചെറു തീയിൽ ഇട്ട് 5 മിനിറ്റ് വേവിക്കുക
വേറെ ഒരു പത്രത്തിൽ അല്പ്പം വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക.
അതിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും ഇടുക. ചുവന്നുള്ളി ഇളം ചുവപ്പ് നിറമാകുമ്പോൾ കറി കൂട്ടിലേക്ക് ചേർക്കുക.
–
–
Leave a Reply