Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 8:38 am

Menu

Published on April 24, 2013 at 9:26 am

അംഗീകാരത്തിന്റെ ആത്മരാഗം

oscar-nomination-amal

ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനുള്ള പ്രഥമ പരിഗണനപ്പട്ടികയില്‍ ഇടം നേടാനായ ത്രില്ലിലാണ് അമല്‍. ആഭേരിയുടെ ആരവങ്ങളില്‍ മൃദുമന്ത്രണവുമായ് പാശ്ചാത്യസംഗീതത്തിന്റെ പൊരുള്‍തേടി പോയ ഈ യുവസംഗീതജ്ഞനെ ലോകോത്തര ബഹുമതിയുടെ പടിവാതില്‍ക്കല്‍ എത്തിച്ചത് ചൈനീസ് സംഗീതത്തോടുള്ള അഭിനിവേശമാണ്.

രൂപേഷ് പോള്‍ സംവിധാനം ചെയ്ത സെന്റ് ഡ്രാക്കുള എന്ന ചിത്രത്തിലെ ‘ഐ ബി ഹിയര്‍’ എന്ന ഇംഗ്ലീഷ് ഗാനമാണ് ഓസ്‌കര്‍ നിര്‍ദ്ദേശത്തിലെ 75 ഗാനങ്ങളുടെ പട്ടികയില്‍ ഇടംനേടിയത്.

അമല്‍ പാടിയ ഈ ഗാനത്തിന് സംഗീതം നിര്‍വഹിച്ച ശ്രീവത്സന്‍ ജെ. മേനോനും ഓസ്‌കര്‍ പരിഗണനപ്പട്ടികയിലുണ്ട്. തലോര്‍ മഹാദേവക്ഷേത്രത്തിനടുത്ത് മുളന്തറ പല്ലാട്ട് വീട്ടില്‍ ആന്റണിയുടെയും സെലീനയുടെയും മകനാണ് അമല്‍. കെ.എസ്.എഫ്.ഇ. തൃശ്ശൂര്‍ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് അമലിന്റെ പിതാവ് ആന്റണി. കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ ചൈനീസ് സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് അമല്‍. ചൈനീസ് സംഗീതവും ഇന്ത്യന്‍ സംഗീതവും സമരസപ്പെടുന്നതിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കു പിറകെയാണ് ഈ യുവപ്രതിഭയുടെ സംഗീതപലായനം. പ്രാഥമിക നാമനിര്‍ദ്ദേശത്തിനു പരിഗണിച്ച ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളിലും പാശ്ചാത്യഭാഗം ചിട്ടപ്പെടുത്തുന്നതിന് സംഗീതസംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോനെ അമല്‍ സഹായിച്ചിട്ടുണ്ട്.

ചൈനീസിലെ കോറല്‍ ഹാര്‍മണിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചാം വയസ്സിലാണ് അമല്‍ സംഗീതം പഠിച്ചുതുടങ്ങിയത്. കുഞ്ഞായിരിക്കുമ്പോഴേ റേഡിയോവില്‍ പാട്ടുകേള്‍ക്കുകയാണ് അമലിന് ഏറ്റവും ഇഷ്ടം.

തലോര്‍ ദീപ്തിയിലായിരുന്നു സ്‌കൂള്‍ പഠനം. കാലടി സംസ്‌കൃത കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദവും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു ബിരുദാനന്തരബിരുദവും നേടി പാശ്ചാത്യസംഗീതത്തില്‍ കോറല്‍ ഹാര്‍മണിയില്‍ എം.ഫില്‍. കരസ്ഥമാക്കി. 2006ല്‍ കൈരളിയുടെ ഗന്ധര്‍വസംഗീതം റിയാലിറ്റി ഷോയില്‍ ജേതാവ് അമലായിരുന്നു.

തുടര്‍ന്ന് സിനിമയിലും അമല്‍ പാടി. ലാപ്‌ടോപ്പ് എന്ന സിനിമയിലെ മെയ് മാസമേ…, ഏതോ ജലാശയത്തില്‍ എന്നീ ഗാനങ്ങള്‍ എഫ്.എം. സ്റ്റേഷനുകളിലെ ഹിറ്റ് ഗാനങ്ങളായിരുന്നു. അസുരവിത്ത് എന്ന ചിത്രത്തില്‍ അല്‍ഫോന്‍സ് ഈണം നല്‍കിയ രാഗാര്‍ദ്രമായ്… എന്ന ഗാനവും പാടിയിട്ടുണ്ട്. ഗായിക ജ്യോത്സ്‌നയുടെ ‘കൃഷ്ണ ദി എറ്റേര്‍ണല്‍’ എന്ന മ്യൂസിക് ആല്‍ബത്തിലെ കോറല്‍ ഹാര്‍മണി അമലിന്റേതാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ന്യൂ ജനറേഷന്‍ ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനത്തിലെ ആദ്യ നാലുവരികള്‍ ചിട്ടപ്പെടുത്തിയത് അമലായിരുന്നു. പല്ലവിയുടെ ഈണം കേട്ട് ഹരംകൊണ്ട യുവസംഗീത സംവിധായകന്‍ പിന്നീട് അമലിനെ സമീപിച്ചില്ല. പ്രശസ്തി സ്വന്തം പേരിലാക്കി പ്രചരിപ്പിച്ച ആ വ്യക്തിയോട് യാതൊരു വിരോധവുമില്ലെന്നും അമല്‍ പറയുന്നു.

വാഴ്ത്തപ്പെട്ട ഏവുപ്രാസ്യമ്മയെക്കുറിച്ചുള്ള ടെലിഫിലിമിന്റെ സംഗീതം നിര്‍വഹിച്ചതും അമലാണ്. 50-ഓളം മലയാള സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ച രാജന്‍ വരന്തരപ്പിള്ളിയുടെ സഹോദരീപുത്രനാണ് അമല്‍. അച്ഛന്‍ ആന്റണിയുടെ സഹോദരനും റിട്ട. സി.ഐ.യുമായ ജോര്‍ജും കുറെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമലിന്റെ വീട്ടുകാര്‍ക്കും സിനിമയോടും പാട്ടിനോടും ഏറെ താല്പര്യമാണ്. അമലിനെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ കുഞ്ഞ് എന്‍ജിനീയറോ ഡോക്ടറോ ആകണമെന്നായിരുന്നില്ല അമ്മയുടെ ആഗ്രഹം. കഴിവുള്ള കലാകാരനാകണമെന്നായിരുന്നു മാതാപിതാക്കളുടെ ഇഷ്ടം. അതു നിറവേറിയ സന്തോഷം ഇവര്‍ക്കുണ്ട്. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായെത്തിയ ശ്രീവത്സന്‍ ജെ. മേനോന്‍ തന്റെ പാട്ടുകള്‍ പാടാന്‍ അമലിനെ ക്ഷണിക്കുകയായിരുന്നു.

സുധിന്‍ ശങ്കറാണ് ആദ്യഗുരു. പിന്നീട് വാമനന്‍ നമ്പൂതിരിയുടെ കീഴില്‍ കര്‍ണാടിക് സംഗീതം അഭ്യസിച്ചു. തൃശ്ശൂര്‍ ചേതന അക്കാദമിയില്‍ ഫാ. തോമസ് ചക്കാലമറ്റത്തിന്റെ കീഴില്‍ പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റി കോളേജില്‍നിന്നും ബഹുമതി നേടി.

ഈ ഓസ്‌കര്‍ നിര്‍ദ്ദേശത്തെ നോമിനേഷന്‍ ആയി പറയാറായിട്ടില്ലെന്നും ആദ്യപരിഗണന നേടിയ മലയാളി സംഗീതജ്ഞന്‍ ഔസേപ്പച്ചന്‍ ആണെന്നും അമല്‍ തിരുത്തുന്നു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ ‘ദൈവം തിരഞ്ഞെടുത്ത ദാസന്‍…’ എന്ന ഗാനം ചിട്ടപ്പെടുത്തി ഈണം നല്‍കിയതും ഏറെ ശ്രദ്ധേയമായി. 200 പേര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

2009ല്‍ നാഷണല്‍ കോളേജ് ഫെസ്റ്റിവലില്‍ ലളിത ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളിലും അമല്‍ ഏറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. പഞ്ചരത്‌നകീര്‍ത്തനാലാപനത്തിലും ഈ യുവഗായകന്‍ മികവു കാട്ടിയിട്ടുണ്ട്.

വീട്ടില്‍ സംഗീതക്ലാസും അമല്‍ നടത്തുന്നുണ്ട്. 50-ഓളം പേര്‍ ഇവിടെ സംഗീതം പഠിക്കാനെത്തുന്നു. തൃശ്ശൂരിലെ പല സംഗീതപരിപാടികളിലും പങ്കെടുത്ത് പുരസ്‌കാരം നേടിയിട്ടുള്ള അമലിന് ഒരിക്കല്‍ പി. സുശീലയുടെ സാന്നിദ്ധ്യത്തില്‍ അവര്‍ മുമ്പ് ആലപിച്ച ദ്വാരകേ… എന്ന ഗാനം പാടിയതിനും സുശീലതന്നെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് സംഗീതത്തെക്കുറിച്ച് ഏറെ പുസ്തകങ്ങള്‍ വിദേശത്തുനിന്നും വരുത്തി താരതമ്യപഠനം നടത്തുകയാണ് അമല്‍.

മലയാളത്തിന്റെ മോഹനവും ശുദ്ധധന്യാസിയുമൊക്കെ ചൈനീസിലേക്ക് രാഗസഞ്ചാരം നടന്നതായും കാണാന്‍ കഴിഞ്ഞതായാണ് അമലിന്റെ അഭിപ്രായം.

Loading...

Leave a Reply

Your email address will not be published.

More News