Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മന:പൂര്‍വ്വം കുടുക്കിയിതാണെന്നും മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നുമുള്ള ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. ദിലീപ് വിഷയത്തില്‍ കേരള പൊലീസിനെയും കടുത്ത ഭാഷയില്‍ പി.സി ജോര്‍ജ് വിമര്‍ശിച്ചു.
ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജു വാര്യരുടെ മനസ് കഠിനമാണെന്നും അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണെന്നും അദ്ദേഹം പറയുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞ ശേഷം മഞ്ജുവിന്റേയും ദിലീപിന്റേയും മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്നും എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്റെ ഒപ്പം പോകുന്നില്ലെന്നും പി.സി ജോര്‍ജ് ചോദിച്ചു.
ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണെന്നും പി.സി ചൂണ്ടിക്കാട്ടി. എക്‌സിബിസ്റ്റേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ ആലുവ പാലസില്‍ വച്ചിരിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്.പി ഉള്‍പ്പടെയുള്ള ആളുകള്‍ ചോദ്യം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. ആ ടീമിലെ ഒരു ഐ.ജിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെന്‍കുമാറിനെ അറിയിച്ചു. അങ്ങനെയാണ് 13 മണിക്കൂറിനു ശേഷം ദിലീപിനെ വിട്ടയച്ചതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
പിറ്റേന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പാണ്. അപ്പോഴാണ് ഈ സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കിയത്. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എ.ഡി.ജി.പി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ ഉണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. താന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നുവെന്നും ദിലീപിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി.
പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന നടിയെ ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ട നിര്‍ഭയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്ത് മര്യാദകേടാണിത്. ഈ നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതൊക്കെ അവര്‍ ലാഭം ആക്കുകയാണ്. പൊലീസ് കൊടുത്ത ഈ കേസ് ട്രയല്‍ കോടതിയിലേക്ക് വരുമ്പോള്‍ നിര്‍ഭയേക്കാള്‍ ക്രൂരമായി എങ്ങനെയാണ് പീഡിപ്പിച്ചെതെന്നതിന് ഉത്തരം പറയേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഈ സുനി ഉള്‍പ്പെടെ രക്ഷപ്പെടും. സുനിയെപ്പോലും രക്ഷപെടുത്താന്‍ വേണ്ടി പൊലീസ് നടത്തുന്ന കള്ളക്കളിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പി.സി ജോര്‍ജ് പറയുന്നു.
കൂടാതെ ഐ.എസ്.ആ.ഒ ചാരക്കേസും നമ്പി നാരായണന്റെ അനുഭവവും ചൂണ്ടിക്കാട്ടി കേരള പൊലീസിനെക്കുറിച്ച് വലിയ മഹത്വം ഒന്നും ആരും പറയേണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Leave a Reply