Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനജി: നാല്‍പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളി താരം പാര്‍വതിക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘ടേക്ക് ഓഫി’ന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്.
ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടുന്നത്. സമീറ എന്ന നഴ്‌സിന്റെ വേഷം കയ്യടക്കത്തോടെ അവതരിപ്പിച്ചാണ് പാര്‍വതി നേട്ടം സ്വന്തമാക്കിയത്. മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുരസ്‌കാരം കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി പറഞ്ഞു.
എയ്ഡ്‌സിനെതിരായ പ്രതിരോധ പ്രവര്‍ത്തനം വിഷയമാക്കിയ റോബിന്‍ കാംപില്ലോ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 120 ബീറ്റ്‌സ് പെര്‍ മിനിറ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. ഈ ചിത്രത്തില്‍ ഷോണ്‍ ഡാല്‍മാസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാഹ്യുല്‍ പെരസ് ബിസായാര്‍ട്ടാണ് മികച്ച നടന്‍.
എയ്ഞ്ചല്‍സ് വേര്‍ വൈറ്റ് എന്ന ചിത്രം ഒരുക്കിയ വിവിയന്‍ ക്യു മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. കിരോ റുസ്സോയുടെ ഡാര്‍ക്ക് സ്‌കള്ളിനാണ് മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്‌കാരം. യുനെസ്‌ക്കോ ഗാന്ധി മെഡല്‍ ഷിറ്റിജ് എ ഹൊറൈസണ്‍ കരസ്ഥമാക്കി
Leave a Reply