Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം/ആലപ്പുഴ: വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്ലെയിന്‍ എന്ന സ്വപ്നപദ്ധതി അതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലില്‍ കേരളത്തിലെ ആദ്യത്തെ ജലവിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം ഉപേക്ഷിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാനംമൂലം ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്ന് മൂന്ന് മാസം നിരീക്ഷിക്കും. പരാതികളുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായി. കേന്ദ്രസഹായം 26 കോടിയില്‍നിന്ന് 87 കോടിയായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം പാക്കേജുകളിലെ മികച്ച ഉത്പന്നമാണ് സീപ്ലെയിന്‍ പദ്ധതിയെന്ന് വാട്ടര്‍ഡ്രോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കുട്ടനാടിനെക്കൂടി ജലവിമാനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭ്യര്‍ഥിച്ചു. പദ്ധതിയുടെ ആദ്യ ഓപ്പറേറ്ററായ കൈരളി ഏവിയേഷന് മന്ത്രി കെ.ബാബു താക്കോല്‍ കൈമാറി. കൊല്ലം തുറമുഖത്തുനിന്ന് ഈ മാസംതന്നെ ചരക്കുകപ്പല്‍ ഗതാഗതം ആരംഭിക്കുമെന്ന് കെ.ബാബു അറിയിച്ചു. വാട്ടര്‍ഡ്രോം സെക്യൂരിറ്റി ഗ്രൂപ്പിന്റെ ഉദ്ഘാടനം എന്‍.പീതാംബരക്കുറുപ്പ് എം.പി. നിര്‍വഹിച്ചു. കൈരളി ഏവിയേഷനുള്ള ഏര്‍ലി ബേഡ് ഇന്‍സെന്റീവ് പി.കെ.ഗുരുദാസന്‍ എം.എല്‍.എ. സമ്മാനിച്ചു.
കളക്ടര്‍ ബി.മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, കൗണ്‍സിലര്‍ ബി.ശ്രീകുമാരി, ബി.കെ.ടി.എം. പ്രസിഡന്റ് ഇ.എം.നജീബ്, വിവിധ രാഷ്ട്രീയകക്ഷിനേതാക്കാളായ ജി.പ്രതാപവര്‍മ തമ്പാന്‍, എ.യൂനുസ് കുഞ്ഞ്, ബെന്നി കക്കാട്, ബി.ശ്രീധരന്‍ പിള്ള, തടത്തിവിള രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം സെക്രട്ടറി സുമന്‍ ബില്ല സ്വാഗതം പറഞ്ഞു. കെ.ടി.ഐ.എല്‍. എം.ഡി. എസ്.അനില്‍ കുമാര്‍ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
ഉദ്ഘാടനശേഷം നടത്താനിരുന്ന ആലപ്പുഴ പുന്നമടക്കായലിലേക്കുള്ള ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ പുന്നമടക്കായലിലെ പ്രതിഷേധംമൂലം ഉപേക്ഷിക്കേണ്ടി വന്നു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും മന്ത്രി എ.പി.അനില്‍ കുമാറും കയറിയ ജലവിമാനം ആകാശത്ത് വട്ടമിട്ട് അഷ്ടമുടിക്കായലില്‍ത്തന്നെ തിരിച്ചിറക്കുകയായിരുന്നു. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആലപ്പുഴ പുന്നമടക്കായലില്‍ ഉപരോധം നടത്തിയത്. ജലവിമാനം ഇറങ്ങുന്നതിനായി വേര്‍തിരിച്ച കായല്‍ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നിലയുറപ്പിച്ചിരുന്നു. മോട്ടോര്‍ ബോട്ടില്‍ നേതാക്കളും. ഉപരോധസമരം ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉദ്ഘാടനം ചെയ്തു. സമരക്കാരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനുമിടയാക്കി.
Leave a Reply