Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:46 am

Menu

Published on April 24, 2013 at 6:48 am

പലിശനിരക്ക് കുറക്കണമെന്ന് ധനമന്ത്രിയും വ്യവസായ ലോകവും

reduce-interest-rate

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലെത്തിയതോടെ പലിശനിരക്കുകള്‍ കുറക്കണമെന്ന ആവശ്യം ശക്തമായി.
കേന്ദ്ര ധനമന്ത്രിയും വ്യവസായികളുടെ സംഘടനകളും ഈ ആവശ്യവുമായി രംഗത്തുവന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം മാര്‍ച്ചില്‍ 5.96 ശതമാനമായാണ് താഴ്ന്നത്. മുന്‍വര്‍ഷം മാര്‍ച്ചില്‍ ഇത് 7.69 ശതമാനവും കഴിഞ്ഞ ഫെബ്രുവരിയില്‍ 6.84 ശതമാനവുമായിരുന്നു. പണപ്പെരുപ്പം 6.8 ശതമാനമായിരിക്കുമെന്ന റിസര്‍വ് ബാങ്കിന്‍െറ പോലും കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ഇത്രയും കുറഞ്ഞത്. ഇന്ത്യയിലെ പണപ്പെരുപ്പത്തിന്‍െറ പ്രധാന അളവുകോലായ മൊത്തവില സൂചിക കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ താഴോട്ടായിരുന്നു. സെപ്റ്റംബറില്‍ എട്ടുശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്‍െറയും മറ്റ് നിര്‍മിത ഉല്‍പന്നങ്ങളുടെയും വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാനിടയാക്കിയത്.
പണപ്പെരുപ്പനിര്‍ണയത്തില്‍ 65 ശതമാനം പങ്കും വഹിക്കുന്ന ഭക്ഷ്യ ഇതര നിര്‍മിത ഉല്‍പന്നങ്ങളുടെ സൂചിക 39 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്്. ഫെബ്രുവരിയിലെ 4.51ല്‍നിന്ന് 4.07 ആയാണ് ഇത് താഴ്ന്നത്. ഇന്ധനവില സൂചിക 10.47ല്‍നിന്ന് 10.18 ആയാണ് താഴ്ന്നത്.
മൊത്തവില സൂചികയും ഉപഭോക്തൃവില സൂചികയും താഴ്ന്ന സാഹചര്യത്തില്‍ പലിശനിരക്കു കുറക്കുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പി. ചിദംബരം കാനഡയില്‍ വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ 100 അടിസ്ഥാന പോയന്‍റുകള്‍ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പലിശനിരക്കുകള്‍ കുറച്ചാല്‍ നിക്ഷേപം സ്വാഭാവികമായി വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം തുടരുമെന്നാണ് കരുതുന്നതെന്നും ഭഷ്യ ഇതര ഉല്‍പന്നങ്ങളുടെ വിലക്കയറ്റം ഏറക്കുറെ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറക്കുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) പ്രസിഡന്‍റ് നൈയ്നാ ലാല്‍ കിദ്വായി ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചക്ക് ഉതകുംവിധം പലിശനിരക്കുകള്‍ കുറക്കണമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് രാജ്കുമാര്‍ ദൂത് ആവശ്യപ്പെട്ടു. പണപ്പെരുപ്പ നിയന്ത്രണം റിസര്‍വ് ബാങ്കിന്‍െറ പ്രധാന പരിഗണയായിരിക്കുമ്പോള്‍തന്നെ വളര്‍ച്ചനിരക്ക് നിരാശജനകമായ അവസ്ഥയിലേക്ക് പോകാതെ നോക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പണപ്പെരുപ്പം സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയയും പ്രതികരിച്ചിരുന്നു. മേയ് മൂന്നിന് നടക്കുന്ന പണനയ അവലോകനത്തില്‍ പലിശനിരക്കുകള്‍ .25 ശതമാനമെങ്കിലും കുറക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published.

More News