Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 9:54 am

Menu

Published on December 1, 2017 at 2:15 pm

അന്ന് അബിയുടെ ഷോട്ടുകള്‍ വെട്ടി മാറ്റാന്‍ പറഞ്ഞ പ്രമുഖന്‍ തന്നെ അനുശോചന കുറിപ്പും എഴുതി

salala-mobiles-director-reveals-about-abi

കഴിഞ്ഞ ദിവസം അന്തരിച്ച മിമിക്രി താരവും നടനുമായ അബി നേരിട്ട അവഗണനയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ് എന്ന ചിത്രത്തിലേതാണ് അബി പാടിയ ഏക സിനിമ ഗാനം. ലാ ലാ ലാസാ…എന്ന ഗാനത്തില്‍ അബി തന്റെ മാസ്റ്റര്‍ പീസ് ആയ ആമിനത്താത്തയുടെ ശബ്ദത്തിലാണ് എത്തിയതും. ഈ ഗാനവും ഹിറ്റായിരുന്നു.

എന്നാല്‍ പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളില്‍ അബി പാടുന്നതിന്റെ ഒറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. അബിയുടെ മരണ ശേഷം ഇക്കാര്യത്തില്‍ സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ശരത് എ. ഹരിദാസന്‍.

പാട്ടിന്റെ ദൃശ്യങ്ങളില്‍ നിന്ന് അബിയുടെ ഷോട്ടുകള്‍ ഒരു സിനിമാ പ്രമുഖന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വെട്ടി മാറ്റുകയായിരുന്നുവെന്നാണ് ശരത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. അബിയെ പോലൊരു ലോക്കല്‍ ആര്‍ടിസ്റ്റിന് പാട്ടില്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് ഇദ്ദേഹം പറഞ്ഞുവെന്നും അതേയാള്‍ തന്നെ അദ്ദേഹത്തിനായി കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പ് എഴുതിയത് വായിക്കാനിടയായെന്നും ശരത് പറഞ്ഞു.

അബിയുടെ ഷോട്ടുകള്‍ വെട്ടി മാറ്റാന്‍ പറഞ്ഞ സിനിമ പ്രമുഖന്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി എഴുതിയ കുറിപ്പ് വായിച്ചപ്പോഴാണ് ഇക്കാര്യം എഴുതാം എന്നു തീരുമാനിച്ചതെന്നും ശരത് വ്യക്തമാക്കി.

പാട്ടില്‍ നിന്ന് രംഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നീട് അബിയോട് മാപ്പു പറഞ്ഞിരുന്നുവെന്നും ശരത് പറയുന്നു. അബിയെ പല ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന കാര്യം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തു കൂടിയായ നടന്‍ കോട്ടയം നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്നു പറഞ്ഞിരുന്നു.

ശരത് എ. ഹരിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം…………

രാവിലെ അറിഞ്ഞപ്പോള്‍ മുതല്‍, ആദ്യം ചിന്തിച്ചത് ഇതാണ്: ശരീരം ഉപേക്ഷിച്ചു സ്വതന്ത്രനായ ഒരാളോട് സമൂഹമാധ്യമത്തിലൂടെ മനസ്സ് തുറന്നിട്ട് എന്ത് കാര്യം ! പിന്നെ ഓര്‍ത്തു നര്മം ഒരുപാടിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ മനസ്സുകളില്‍ അബിക്ക ഇപ്പോഴും ജീവിക്കുന്നുണ്ട്. അത് കൊണ്ട് ഞാനിവിടെ പറയുന്നത് നിങ്ങളോരോരുത്തരും കേള്‍ക്കുമ്പോള്‍ അദ്ദേഹം കേള്‍ക്കുന്നു എന്നര്‍ത്ഥം. ഈ പേജില്‍ അധികം ഫാന്‍ ലൈക്കുകള്‍ ഒന്നുമില്ല. പതിനായിരത്തില്‍ നിന്നല്പം കൂടുതല്‍. പക്ഷെ ഞാന്‍ എന്റെ ഉള്ളില്‍ നിന്ന് പറയുന്നത് കേള്ക്കാന് ചെറുതെങ്കിലും സ്‌നേഹമുള്ള ഒരു ചെറിയ കൂട്ടം എന്റെ മുന്നിലുണ്ട്. അവരിലോരോരുത്തരിലും അബിക്കയും.

സലാല മൊബൈല്‍സ് ഇലെ ലാ ലാ ലസ എന്ന പാട്ടു പാടിക്കാന്‍ ഞാനും ഗോപിയും അബിക്കയെ വിളിക്കുന്നത് സിനിമ ടെക്നിഷ്യന്‍സ് എന്ന നിലക്കായിരുന്നില്ല. കുട്ടിക്കാലം മുതല്‍ അബിക്കയുടെ പ്രകടനങ്ങള്‍ VHS ടേപ്പുകളിലും, ടീവിയിലും, അരങ്ങത്തും കണ്ടു ചിരിച്ചു മറിഞ്ഞ രണ്ടു ആരാധകര്‍ ആയിട്ടായിരുന്നു. ആ പാട്ടെഴുതിയതു ഞാന്‍ തന്നെ ആയിരുന്നു. അത് അബിക്കയെ കൊണ്ട് പാടിക്കുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ ആയിരുന്നു. ആ റെക്കോര്‍ഡിങ്ങും അവിസ്മരണീയമായിരുന്നു. അത്രയ്ക്ക് ലൈഫ്, അബിക്ക ആ പാട്ടിലേക്കു കൊണ്ട് വന്നു. അത് ചിത്രീകരിച്ചപ്പോള്‍, അതിന്റെ പകുതി ഭാഗത്തോളം അദ്ദേഹം പാടുന്ന വീഡിയോയും ചിത്രീകരിച്ചു. സ്റ്റുഡിയോയില്‍ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനില്‍ വര്ഓടൊ ? ഞാന്‍ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങ് ഇന്റെ ഹാഫ് പോര്‍ഷന്‍ ഓളം അബിക്കയുടെ വിഷ്വല്‍ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു ! ഞാന്‍ തോറ്റു ! അബിയെ പോലെ ഒരു ‘ലോക്കല്‍’ ആര്‍ട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തില്‍ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖന്‍ പറഞ്ഞത്. ഇന്ന് അബീക്കക്കുള്ള അയാളുടെ കണ്ണീരില്‍ കുതിര്‍ന്ന അനുശോചന കുറിപ്പും ഞാന്‍ ഇതേ സമൂഹമാധ്യമത്തില്‍ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാന്‍ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക് ഒന്നുമില്ലെങ്കിലും.

ആ സംഭവത്തിന് ശേഷം, അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വല്‍സില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാന്‍ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി. ഇന്നും അത് കാണുമ്പോള്‍ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങള്‍ക്കും ഇനി അത് കാണുമ്പോള്‍ അദ്ദേഹത്തെ അതില്‍ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാല്‍ മതി നമുക്ക്. പക്ഷെ, ആ ആള്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനായാല്‍ ഏറ്റോം നല്ലത്.

അബിക്കയോട് അക്കാലത്തു തന്നെ ഞാന്‍ മാപ്പു പറഞ്ഞിരുന്നു. ഉറക്കെ ഉള്ള ഒരു ചിരിയും തോളത്തൊരു തട്ടും തന്നു. ഇന്ന് അബിക്കയെ മനസ്സില്‍ കൊണ്ടുനടക്കുന്ന നിങ്ങളോരോരുത്തരോടും ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ മാപ്പപേക്ഷ ആണ് എന്റെ അനുശോചനം.

ഇന്ന് ഗുരുവായൂര്‍ ഏകാദശി ആണ്. ഞാന്‍ വിശ്വസിക്കുന്ന മതപദ്ധതി പറയുന്നത് ഏകാദശിയില്‍ മരണം മോക്ഷപ്രാപ്തി ആണെന്നാണ്. അബിക്കയെ ജീവിച്ചിരിക്കുമ്പോള്‍ തിരിച്ചറിയാഞ്ഞ ഈ നരകത്തില്‍ നിന്ന് അദ്ദേഹം അവഗണനയുടെ വൈതരണീ നദിയും കടന്നു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭൂമിയില്‍, അബിക്കയുടെ മകന്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ഉയരങ്ങളും നേടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News