Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് ഹാസ്യനടന്‍ വടിവേലുവിനെതിരെ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ രംഗത്ത്. വടിവേലുവിനെതിരെ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ശങ്കര്‍.
ശങ്കറിന്റെ അസോസിയേറ്റായ ചിമ്പുദേവന്റെ ‘ഇംസൈ അരസന്‍ 24-ാമത് പുലികേശി’ എന്ന സിനിമയിലെ നായകനാണ് വടിവേലു. ശങ്കറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വടിവേലുവിന്റെ ചില പിടിവാശികള്‍ കാരണം സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുന്നു എന്നതാണ് കാരണം. പാര്‍വ്വതി ഓമനക്കുട്ടനാണ് ചിത്രത്തിലെ നായിക.
കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല സിനിമ എതാണ്ട് വഴിമുട്ടിയ അവസ്ഥയിലാണ്. പത്ത് ദിവസത്തെ ചിത്രീകരണമാണ് ഇതുവരെ തീര്‍ന്നിരിക്കുന്നത്. ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്ന സെറ്റിന് ലക്ഷങ്ങളോളം ചെലവാക്കിയിട്ടുണ്ട്. ഏതാനും പ്രധാനപ്പെട്ട രംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാനുണ്ട്.
അതിനിടയിലാണ് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. സിനിമ പകുതിയായപ്പോള്‍ വടിവേലു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രശ്നം അതുകൊണ്ടൊന്നും അവസാനിച്ചില്ല. സിനിമയില്‍ വലിയ താരങ്ങളൊന്നും പാടില്ലെന്നും തനിക്ക് സ്വന്തമായി ഒരു കോസ്റ്റിയൂം ഡിസൈനറെ വേണമെന്നും വടിവേലു ആവശ്യപ്പെട്ടു. സംവിധായകന്‍ തിരഞ്ഞെടുത്തിരുന്ന ഏതാനും ചില അഭിനേതാക്കളെ സിനിമയില്‍ നിന്ന് മാറ്റണമെന്ന് വടിവേലു നിര്‍ബന്ധിച്ചുവെന്നും പറയുന്നു.
ഓരോന്നായി ഒത്തുതീര്‍പ്പാക്കുമ്പോള്‍ വടിവേലു പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. രജനികാന്ത് ചിത്രം 2.0 വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ശങ്കറിപ്പോള്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരിക്കാന്‍ താരസംഘടനയായ നടികര്‍ സംഘത്തിലും ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply