Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 4:05 pm

Menu

Published on November 19, 2014 at 2:15 pm

കാറിൻറെ മൈലേജ് കൂട്ടാനുള്ള മാർഗ്ഗങ്ങൾ…

simple-tricks-to-get-the-best-mileage-from-your-car

ഇന്ധനവില നാൾക്കുനാൾ  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, വാഹനത്തിന്റെ ഇന്ധനം ലാഭിക്കാന്‍ പരക്കംപായുകയാണ് എല്ലാവരും.കുറെ വാങ്ങി വയ്ക്കാം എന്ന് വിചാരിച്ചാല്‍ നടക്കുകയുമില്ല. അപ്പോള്‍ ചെയ്യാവുന്നത് കൂടുതല്‍ ഇന്ധന ക്ഷമത ഉള്ള വാഹനം വാങ്ങുക, വാങ്ങിയ വാഹനത്തിന്റെ ഇന്ധന ക്ഷമത കുറയാതെ നോക്കുക എന്നിവയാണ്.മൈലേജ് കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്…

വണ്ടി കണ്ടീഷനായിരിക്കണം

വാഹനം നല്ല കണ്ടീഷനില്‍ സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വാഹന നിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുംവിധം കൃത്യമായ സമയത്ത് എന്‍ജിന്‍ ഓയിലും എയര്‍ ഫില്‍ട്ടറും മാറി സര്‍വീസ് നടത്താന്‍ ശ്രദ്ധിക്കുക.

car

ഏസി ഉപയോഗം

മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ധാരാളം വൈദ്യുതിയും ഇന്ധനവും ഇതിനുവേണ്ടി കത്തുന്നു. തരക്കേടില്ലാത്ത കാലാവസ്ഥയാണെങ്കില്‍ ഏസി ഉപയോഗിക്കാതിരിക്കുക എന്നതുമാത്രമേ ഇതില്‍ ചെയ്യാനുള്ളൂ. നമ്മുടെ നാട്ടിലെ റോഡ് പരിതസ്ഥിതിയില്‍ വിന്‍ഡോകള്‍ തുറന്നിട്ട് കാറോടിക്കുന്നതും അത്ര നല്ലതല്ല. ക്ലൈമറ്റ് കണ്‍ട്രോള്‍ സന്നാഹമുള്ള കാറുകളിലാണെങ്കില്‍ ‘ലോ ബ്ലോവര്‍’ മോഡില്‍ ഏസി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കാറിലെ താപനിലയുടെ സ്ഥിരതയ്ക്കായി വലിയ തോതില്‍ ശ്രമിക്കുകയില്ല ഈ മോഡ് എന്നതിനാല്‍ അധികം ഇന്ധനം ചെലവാകില്ല. വിന്‍ഡോകള്‍ താഴ്ത്തി, ഉയര്‍ന്ന വേഗതയില്‍ പായുകയാണെങ്കില്‍ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് അഥവാ കാറ്റിനെ മുറിച്ചുകടക്കാനുള്ള ശേഷി കുറയുന്നു. ഇതും ഇന്ധനക്ഷമത കുറയ്ക്കുന്ന ഘടകമാണ്.

car ac

ടയര്‍ പ്രഷര്‍

ടയര്‍ പ്രഷര്‍ കൃത്യമായ ടയര്‍ പ്രഷര്‍ സൂക്ഷിക്കുക എന്നതാണ് മൈലേജ് വര്‍ധിപ്പിക്കാനുള്ള മറ്റൊരു വഴി. പഠനങ്ങള്‍ പറയുന്നതു പ്രകാരം വാഹനത്തിന്റെ മൈലേജ് 3 ശതമാനം കണ്ടുയര്‍ത്താന്‍ ടയര്‍ പ്രഷറിന്റെ കൃത്യതയ്ക്ക് സാധിക്കും. ടയറുകളുടെ ഇലാസ്തികതയില്ലായ്മ മൂലം സംഭവിക്കുന്ന കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് മൈലേജ് കുറയ്ക്കുന്ന ഒരു ഘടകമാണ്. പഠനങ്ങള്‍ പറയുന്നതു പ്രകാരം കാറിന്റെ മൈലേജ് 1.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കുറഞ്ഞ റോളിംഗ് റസിസ്റ്റന്‍സുള്ള ടയറുകള്‍ക്ക് സാധിക്കും. അലോയ് വീലുകളോടു കൂടിയ പെര്‍ഫോമന്‍സ് ടയറുകളാണ് കാറിലുപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘയാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് നന്നായിരിക്കും. ഉയര്‍ന്ന പ്രകടനശേഷിയുള്ള ടയറുകള്‍ സ്വാഭാവികമായും ഉയര്‍ന്ന ഗ്രിപ്പിനും കൈകാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് കിട്ടുന്ന വിധത്തില്‍ നിര്‍മിച്ചതായിരിക്കും. ഇത് റോഡില്‍ മൈലേജ് നിരക്ക് ഗണ്യമായി താഴ്ത്തുന്നു. കുറഞ്ഞ റോളിംഗ് പ്രതിരോധമുള്ള ടയറുകള്‍ ബ്രേക്കിംഗിലും മറ്റും പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക വേണ്ട. റോളിംഗ് പ്രതിരോധം കുറഞ്ഞ, ഉയര്‍ന്ന ഗുണനിലവാരമുള്ള ടയറുകള്‍ വിപണിയില്‍ ലഭ്യമാണ്. അവ ഉപയോഗിച്ചാല്‍ മതിയാവും.

car - pressure

സര്‍വീസ്

സര്‍വീസ് തോന്നിയപോലെ പരിപാലിക്കപ്പെടുന്ന കാറില്‍ നിന്ന് ഏറ്റവും മുന്തിയ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. സ്ഥിരമായി സര്‍വീസ് ചെയ്യുക. കാറിന്റെ എയര്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍, സ്പാര്‍ക് പ്ലഗ്ഗുകള്‍ എന്നിവ സ്ഥിരമായി പരിശോധനയ്ക്ക് വിധേയമാക്കണം. കാറിന്റെ ഓക്‌സിജന്‍ സെന്‍സര്‍ ഓരോ 60,000 കിലോമീറ്റര്‍ കൂടുമ്പോഴും പരിശോധിക്കണം. എന്‍ജിനില്‍ വേണ്ടത്ര ഓക്‌സിഡന്‍ അനുപാതമുണ്ടോ എന്ന് പരിശോധിക്കുകയാണ് കാറിലെ ഓക്‌സിജന്‍ സെന്‍സര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ഓക്‌സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്താതിരിക്കുകയും അത് കരിമ്പുകയായി പുറത്തെത്തുകയും ചെയ്യുന്നു. കത്താതെ പോകുന്ന ഇന്ധനം മൈലേജ് നഷ്ടം തന്നെയാണ്. ഓക്‌സിഡന്‍ സെന്‍സറിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് കിടക്കുന്നത്.

car service

ഓട്ടോമാറ്റിക് കാര്‍ മാന്വലിലാക്കുക

മിക്ക ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഒരു പ്രത്യേക സ്പീഡ് കൈവരിക്കുമ്പോഴാണ് അപ്ഷിഫ്റ്റ് ചെയ്യുന്നത്. ഈ ‘യാന്ത്രികത’ നിരത്തുകളില്‍ പലപ്പോഴും അബദ്ധമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് റോഡിന്റെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുവാനും കൃത്യമായ ചക്രവീര്യം പുറത്തെടുക്കുന്ന ഗിയറിലേക്ക് മാറുവാനും കഴിയില്ല. കുറഞ്ഞ ചക്രവീര്യം മാത്രം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഗിയര്‍ പലപ്പോഴും ഫസ്റ്റ് ഗിയറില്‍ തങ്ങി നില്‍ക്കുന്നതും തിരിച്ചും സംഭവിക്കുന്നത് കാണാം. പ്രീമിയം കാറുകളില്‍ ഇതൊഴിവാക്കാന്‍ വഴിയുണ്ട്. മാന്വല്‍ ഗിയറിലേക്കു മാറാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കൃത്യമായ ഗിയര്‍ ഷിഫ്റ്റ് നടക്കുന്നതോടെ ഇന്ധനം അനാവശ്യമായി ചെലവാകുന്നത് കുറയുന്നു.

car automatic manual

റിവേഴ്‌സ് പാര്‍ക്ക്

കാര്‍ ഗാരോജിലിടുമ്പോള്‍ റിവേഴ്‌സെടുത്ത് പാര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. അടുത്ത ദിവസം രാവിലെ എന്‍ജിന്‍ തണുത്തിരിക്കുമ്പോള്‍ റിവേഴ്‌സെടുക്കലും മറ്റും അധിക ഇന്ധനം ചെലവാക്കിക്കുന്നു.

reverse park

പരമാവധി ഭാരം കുറയ്ക്കുക

പാസഞ്ചര്‍ വാഹനങ്ങള്‍ വലിയ ബൂട്ട് സ്‌പേസ് നല്‍കിയേക്കാം. എന്നു കരുതി അതില്‍ കൊള്ളാവുന്നതിന്റെ പരമാവധി സാധനങ്ങള്‍ വലിച്ചു കയറ്റി വാഹനത്തിന് കൂടുതല്‍ ലോഡ് നല്‍കിയാല്‍ മൈലേജ് കുറയും എന്നോര്‍ക്കുക. ഓരോ യാത്രയിലും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുക.

car laguage

സ്മൂത്ത് ആക്‌സിലേഷന്‍

ആക്‌സിലറേറ്ററില്‍ ഫുള്‍ കാലമര്‍ത്തി 100 കിലോമീറ്ററിലോ അതിലപ്പുറമോ വേഗത്തില്‍ കുതിച്ചുപായുന്നതും, പെട്ടെന്നു ബ്രേയ്ക്ക് (സഡന്‍ ബ്രേയ്ക്ക്) ഇട്ടു വാഹനം നിര്‍ത്തുന്നതും എല്ലാം നിങ്ങള്‍ക്ക് ഒരു പക്ഷേ സന്തോഷവും സംതൃപ്തിയും നല്‍കിയേക്കാം. പക്ഷേ ഇവ രണ്ടും എന്‍ജിനോ, വാഹനത്തിനോ സന്തോഷം നല്‍കില്ല എന്നറിയുക. സന്തോഷം നല്‍കില്ല എന്നതിലുപരി എന്‍ജിനും വാഹനത്തിനും ദുഃഖമേകുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം കുതിപ്പും സ്റ്റോപ്പും എല്ലാം മൈലേജിനെയും സാരമായി ബാധിക്കുന്നു. അതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കുന്നതിന് ഓവര്‍ സ്പീഡിലെ കുതിപ്പും, സഡന്‍ ബ്രേക്കുകളും പരമാവധി ഒഴിവാക്കുക.

acceleration

 

വലിയ വണ്ടികളെ പിന്തുടരുക

വലിയ തിരക്കൊന്നുമില്ലെങ്കില്‍ ചെയ്യാവുന്നതാണിത്. വലിയ വണ്ടികളെ പിന്തുടര്‍ന്ന് കാറോട്ടുക. ഒട്ടും സമ്മര്‍ദ്ദമില്ലാതെ കാറോടിക്കാന്‍ കഴിയുമെന്നതിനൊപ്പം മൈലേജ്പരമായ ചില ഗുണങ്ങളുമുണ്ട്. കോപാകുലമായ നീക്കങ്ങളൊന്നും ഇത്തരം വാഹനങ്ങള്‍ നടത്തുകയില്ല എന്ന പ്രതീക്ഷയിലാണ് ഇപ്പറയുന്നത്. സ്മൂത്തായി കാറോടിക്കാന്‍ ഈ പിന്നാലെപ്പോക്ക് സഹായിക്കുന്നു.

car follow

എയര്‍ ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍ തുടങ്ങിയവ യഥാസമയം മാറ്റുക

യഥാസമയം എയര്‍ ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറ്റുന്നതും മൈലേജിനെ ബാധിക്കും. എന്‍ജിന്‍ സര്‍വീസിംഗ് സമയാസമയങ്ങളില്‍ നടത്തുന്നതും കൂടുതല്‍ മൈലേജ് നല്‍കും.

oil filter

ഗീയര്‍ മാറ്റം

ടോപ് ഗീയറിലിട്ട് ഓടിച്ചാല്‍ മാത്രം പരമാവധി ഇന്ധനക്ഷമത നേടാനാവുമെന്ന് തെറ്റിധാരണ പലര്‍ക്കുമുണ്ട്. എടുപിടീന്ന് ഗീയറുകള്‍ മാറി ടോപ് ഗീയറിലാക്കാനാവും ഇവരുടെ ശ്രമം. എന്നാല്‍ സാഹചര്യത്തിനും വാഹനത്തിന്റെ വേഗത്തിനും അനുസരിച്ചു ഗീയര്‍ മാറ്റം നടത്തിയാലേ പരമാവധി മൈലേജ് നേടാനാവൂ.എന്‍ജിന്‍ ആര്‍പിഎം 2000-2500 പരിധിയിലാവുമ്പോള്‍ വേണം ടോപ് ഗീയര്‍ ഉപയോഗിക്കാന്‍. ആര്‍പിഎം വ്യക്തമാക്കുന്ന ടാക്കോ മീറ്റര്‍ ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നവര്‍ ഇനി പറയുന്ന പ്രകാരം ഗീയര്‍ മാറ്റം നടത്തുക – വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോള്‍ ഫസ്റ്റ് ഗീയര്‍,വണ്ടിയുടെ നീളത്തിനു തുല്യമായ ദൂരം പിന്നിട്ടശേഷം സെക്കന്‍ഡ് ഗീയര്‍, മണിക്കൂറില്‍ 30 കിമീ വേഗത്തില്‍ തേര്‍ഡ് ഗീയര്‍, മണിക്കൂറില്‍ 40 കിമീ വേഗത്തില്‍ഫോര്‍ത്ത് ഗീയര്‍, മണിക്കൂറില്‍ 50 കിമീ വേഗത്തില്‍ ഫിഫ്ത് ഗീയര്‍, സിക്സ്ത് ഗീയര്‍. ഡീസല്‍ വാഹനങ്ങള്‍ക്ക് 1400 – 1500 ആര്‍പി.

Gear Shift

വിന്‍ഡോസ് അടയ്ക്കുക

എയറോഡൈനാമിക് ഒരു വാഹനത്തിന്റെ മൈലേജിനെയും വേഗത്തെയും ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല വേഗത്തില്‍ സഞ്ചരിക്കുന്ന അവസരത്തില്‍ വിന്‍ഡോസ് തുറന്നിട്ടാല്‍ കാറ്റ് അകത്തു പ്രവേശിക്കുകയും, അതുവഴി വാഹനത്തിന്റെ വേഗത്തെയും ഇന്ധനക്ഷമതയെയും സാരമായി ബാധിക്കുകയും ചെയ്യും. വാഹനത്തിന്റെ വിന്‍ഡോസ് അടച്ചിട്ട് എസി പ്രവര്‍ത്തിപ്പിച്ചു യാത്ര ചെയ്യുമ്പോള്‍ ചെലവാകുന്ന ഇന്ധനത്തിന്റെ അളവ്,  വിന്‍ഡോസ് തുറന്നു വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവിലും കുറവായിരിക്കും.

windows clossed

ട്രിപ്പ് നേരത്തെ പ്ലാന്‍ ചെയ്യുക

ദൂരത്തേക്ക് ട്രിപ്പിനു പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശമാണിത്. പ്ലാനിംഗില്ലാതെ ഒന്നിനും ഇറങ്ങരുത്. എവിടെയുമെത്തില്ല എന്നതല്ല പ്രശ്‌നം. എവിടെയുമെല്ലാതിരിക്കാന്‍ വേണ്ടി നമ്മള്‍ എല്ലായിടത്തും കറങ്ങിക്കൊണ്ടിരിക്കും. ഇത് അബദ്ധമാണ്. ഇത് മൈലേജ് കൂട്ടാനുള്ള നിര്‍ദ്ദേശമല്ല. എണ്ണ ഉപയോഗം കുറയ്ക്കാനുള്ളതാണ്.

ഓഫാക്കുക

ഇത് സാധാരണമായി എല്ലാവരും പിന്തുടരാറുള്ള ഒരു കാര്യമാണ്. 30 സെക്കന്‍ഡിലധികം നിറുത്തിയിടേണ്ടി വരികയാണെങ്കില്‍ കാര്‍ ഓഫ് ചെയ്യുകയാണ് ഉത്തമം. 30 സെക്കന്‍ഡില്‍ കുറവാണ് കാത്തുനില്‍ക്കേണ്ടതെങ്കില്‍ ഓഫാക്കാതിരിക്കുക. എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതാണ് കാര്യം.

 

സ്മൂത്ത് ഡ്രൈവിംങ്

ആക്‌സിലറേഷനും ഗിയര്‍ ഷിഫ്റ്റും ഒരല്‍പം സ്മൂത്തായി നടപ്പിലാക്കുന്നത് മൈലേജ് കൂട്ടാന്‍ സഹായകരമാണ്. ട്രാഫിക്കില്‍ റെഡ് ലൈറ്റ് ദുരെ നിന്നേ കാണുകയാണെങ്കില്‍ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവരിക. സീബ്രാ ലൈനിനടുത്തു കൊണ്ടുവന്ന് സഡന്‍ ബ്രേക്കിടുന്നതാണ് പലരുടെയും പതിവ്. ഈ പതിവ് താങ്കളുടെ മൈലേജ് ആശങ്കയുമായി ഒട്ടും യോജിച്ചു പോകുന്നില്ല.

smooth driving

നിലവാരമുള്ള ഇന്ധനവും ല്യൂബ്രിക്കന്റുകളും ഉപയോഗിക്കുക
ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ഇന്ധനമടിച്ചാന്‍ കാര്‍ പറപറക്കുമെന്നും മൈലേജ് കൂടുമെന്നുമെല്ലാം ചിലര്‍ പറഞ്ഞുപരത്തും. ഇത്തരം ഇന്ധനം നമ്മുടെ കാറിലും കയറ്റാമെന്നോര്‍ത്ത് നമ്മള്‍ പരതി നടക്കുകയും ചെയ്യും. ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള മീതേന്‍ പോലുള്ള ഇന്ധനങ്ങള്‍ ഡ്രൈഗ് റേസിംഗ് കാറുകളിലും മറ്റും ഉപയോഗിക്കാറുണ്ട്. എന്‍ജിനില്‍ എയര്‍ കംപ്രഷനില്‍ തന്നെ ഇന്ധനം തീപ്പിടിക്കുന്നു; കാര്‍ പറപറക്കുന്നു. നമ്മുടെ പക്കലുള്ള കാറുകള്‍ ഡ്രൈഗ് റേസിംഗ് കാറുകളല്ല. എന്‍ജിന്‍ കംപ്രഷന്‍ റേഷ്യോ തികച്ചും വ്യത്യസ്തമാണ് നിരത്തിലോടുന്ന കാറുകളില്‍. എന്‍ജിന്‍ കംപ്രഷന്‍ റേഷ്യോ അനുസരിച്ചുള്ള ഗുണനിലവാരമുള്ള ഇന്ധനമാണ് കാറില്‍ ഉപയോഗിക്കേണ്ടത്. മികച്ച നിലവാരമുള്ള ല്യൂബ്രിക്കന്റുകള്‍ മാത്രം കാറിലുപയോഗിക്കുക.

car petrol

വെളിപാട്
ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ ഡ്രൈവ് ചെയ്യാന്‍ പോകുകയാണെന്ന ബോധം തലയിലുദിക്കേണ്ടതുണ്ട്. സീറ്റുബെല്‍റ്റിടലും ഡോര്‍ ലോക്ക് ചെയ്യലുമെല്ലാം സ്റ്റാര്‍ട്ട് ചെയ്ത് പതുക്കെ നീങ്ങുമ്പോള്‍ ചെയ്യുക. ഇതും ഇന്ധനം ലാഭിക്കാനുള്ള വഴിയാണ്.

വാഹന ഉപയോഗം കുറയ്ക്കുക

ഇനി പറയുന്നത് തമാശയായിത്തോന്നാമെങ്കിലും പറയാതെ നിവൃത്തിയില്ല. കഴിവതും ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക.എന്‍ജിന്‍ ചൂടാകുന്നതുവരെ ഇന്ധന ഉപഭോഗം കൂടുതലായിരിക്കും. ആദ്യ അഞ്ചു കിലോ മീറ്ററില്‍ ഇന്ധനച്ചെലവ് സാധാരണയിലും ഇരട്ടിയോളമാണ്. അതിനാല്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് വാഹനം ഉപയോഗിക്കാതെ നടന്നുപോകാന്‍ ശ്രമിക്കുക. അതു നിങ്ങളുടെ ആരോഗ്യവും സംരക്ഷിക്കും.

 

 

Loading...

Leave a Reply

Your email address will not be published.

More News