Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കത്തിന് ഒരു പ്രാധാന്യവും കല്‍പ്പിക്കാത്തവര്‍ ഇന്നത്തെ തലമുറയിലുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ആരോഗ്യം അവതാളത്തിലാകുമെന്ന് അറിയാമെങ്കിലും പലരും അത് കാര്യമാക്കാറില്ല.
നമുക്ക് പെട്ടെന്ന് ക്ഷീണം തോന്നുന്നതും വേഗം ജലദോഷവും പനിയും പിടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു കൊണ്ടാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പേശികളുടെ വളര്‍ച്ചയ്ക്കും കലകളുടെ നാശം തടയാനും ഹോര്‍മോണുകളെ സിന്തസൈസ് ചെയ്യുന്നതിലുമെല്ലാം ഉറക്കത്തിന് ഒരു പ്രധാന പങ്കുണ്ട്.
ഉറക്കമില്ലായ്മയുടെ പ്രധാന പ്രശ്‌നം പ്രത്യുല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്നതാണ്. ഉറക്കക്കുറവ് പുരുഷന്മാരിലെ പ്രത്യുല്‍പ്പാദനക്ഷമത കുറയ്ക്കും. 2013ല്‍ തെക്കന്‍ ഡെന്‍മാര്‍ക്കില്‍ നടന്ന പഠനമനുസരിച്ച് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത പുരുഷന്മാര്‍ക്ക് കൂടുതല്‍ ഉറങ്ങുന്ന പുരുഷന്മാരെ അപേക്ഷിച്ച് ബീജത്തിന്റെ എണ്ണം നാലിലൊന്നു മാത്രമേ ഉള്ളൂവെന്നാണ്. സ്ത്രീകളിലും ഉറക്കക്കുറവ് പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഉറക്കം ലഭിക്കാത്തവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു സാധ്യതയും കൂടുതലാണ്. സ്‌ട്രെസ്സ് ഹോര്‍മോണുകളെ നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഉറക്കം സഹായിക്കുന്നു.
ദിവസം ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് അമിതഭാരം ഉണ്ടാകാന്‍ സാധ്യതയേറെയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാരില്‍ വിശപ്പു കുറയ്ക്കുന്ന ഹോര്‍മോണ്‍ ആയ ലെപ്റ്റിന്റെ അളവ് കുറവായിരിക്കും. അതുപോലെ വിശപ്പ് കൂട്ടുന്ന ഹോര്‍മോണ്‍ ആയ ഘ്രെലിന്റെ അളവ് കൂടുതലാണെന്നും കണ്ടു.
ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തും. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തില്‍ പിടിപെടാന്‍ അതു കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉറക്കം സഹായിക്കും. അണുബാധകളെ തടയുന്ന ആന്റിബോഡികളെയും കോശങ്ങളെയും സൈറ്റോകൈനുകളെയും രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കും. ഉറക്കം ലഭിച്ചില്ലെങ്കില്‍ രോഗം മാറാന്‍ കാലതാമസമെടുക്കും.
ഉറക്കമില്ലായ്മ ചര്‍മത്തെയും ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു, ചര്‍മ്മത്തിനു തിളക്കമില്ലായ്മ, പ്രായമാകല്‍ ഇവയുടെ ലക്ഷണങ്ങള്‍ ഉറക്കക്കുറവ് മൂലം ആകാം. ഉറക്കം ആവശ്യത്തിനു ലഭിക്കാഞ്ഞാല്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഈ ഹോര്‍മോണിന്റെ അളവ് കൂട്ടുന്നത് സമ്മര്‍ദം കൂട്ടാനും ശരീരത്തിനു വീക്കം ഉണ്ടാകാനും കാരണമാകും.
Leave a Reply