Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സോഷ്യല്‍ മീഡിയ കൂട്ടായ്മ പ്രതിനിധികളും.
ശ്രീജിത്തിന്റെ അനുജന്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സോഷ്യല്‍ മീഡിയ കൂട്ടായ്മ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരവധി പേര്‍ അനുഭാവവുമായി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ പ്രകടനം നടന്നിരുന്നു. രാത്രിയും നിരവധി പേരാണ് സമരപ്പന്തലിലേക്ക് എത്തിയത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളും രംഗത്തെത്തി.
നടന്‍ പൃഥിരാജ്, ടൊവിനോ തോമസ്, നടി പാര്‍വതി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരവും മലയാളിയുമായ സി.കെ വിനീത് എന്നിവരാണ് ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
ഇന്നത്തെ കാലത്ത് ഏറ്റവും സുപ്രധാനമായ മനുഷ്യത്വത്തെയാണ് താങ്കള്‍ ഏകനായി പ്രതിനിധീകരിക്കുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സമരത്തിലൂടെ താങ്കള്‍ പ്രതീക്ഷയുടെ മറുവാക്കായി മാറി. നിനക്ക് ചുറ്റുമുള്ളവരുടെ മനഃസാക്ഷിയെ സ്പര്‍ശിച്ചതിന് നന്ദി സഹോദരാ. നിനക്ക് നീ തേടുന്ന സത്യം കണ്ടെത്താനാവട്ടെ, അര്‍ഹമായ നീതി ലഭിക്കട്ടെ, പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
താന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്റേതെന്ന് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ നടന്‍ ടൊവിനോ തോമസ് പറഞ്ഞു. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെയെന്നും അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്തെന്ന് നടി പാര്‍വതി കുറിച്ചു. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണതെന്നും പാര്‍വതി പറഞ്ഞു.
മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിന് സമര്‍പ്പിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീതും വ്യക്തമാക്കി.
2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്.
Leave a Reply