Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗബിന്‍ ഷാഹിറിന്റെ മുഖം സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ തിയേറ്ററില്‍ നിറഞ്ഞ കയ്യടിയാണ്. സൗബിനെ കാണുമ്പോള്‍ തന്നെ മനസിലേക്കെത്തുന്ന പാട്ട് ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്, എന്നതായിരിക്കും.
ഇപ്പോഴിതാ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍ നിര്‍ബന്ധിച്ചിട്ടാണ് ആ പാട്ട് മഹേഷിന്റെ പ്രതികാരത്തില്‍ പാടിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിന്‍. ഫിലിം റിലീസ് ആയപ്പോള്‍ പാട്ട് ഹിറ്റായി. ഒരിക്കല്‍ മമ്മൂക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്താണ് കുടിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മാത്രമല്ല ആ പാട്ട് പാടിക്കുകയും ചെയ്തുവെന്നും സൗബിന്‍ പറയുന്നു. മനോരമയുടെ ഐ മീ മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൗബിന്‍.
പണ്ട് സ്‌കൂളില്‍ വൈകുന്നേരം ബെല്ലടിക്കുമ്പോള്‍ സന്തോഷം കൊണ്ട് പാടുമായിരുന്ന പാട്ടാണത്. സൈക്കിള്‍ ചവിട്ടി വീട് എത്തുന്നതുവരെ പാടും. രാവിലെ പാടുമ്പോള്‍ ആ പാട്ട് സ്പീഡ് കുറച്ചാണ് പാടിയിരുന്നത്. വൈകിട്ട് സ്പീഡ് കൂട്ടിപ്പാടും, സൗബിന്‍ പറയുന്നു.
ശ്യാം അത് സിനിമയില്‍ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ഇപ്പോള്‍ ഏത് വീട്ടില്‍ പോയാലും കടയില്‍പ്പോയാലും ‘മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടെ’ എന്നാണ് ചോദിക്കുകയെന്നും ഞാന്‍ അതിന്റെ ബ്രാന്‍ഡ് അംബാസഡറായോ എന്നാണ് സംശയമെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
പ്രീഡിഗ്രിക്ക് കഷ്ടിച്ച് ജയിച്ചു. പിന്നീട് പതിനാറുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി. ഫാസില്‍ സാര്‍, സിദ്ദിഖ് സര്‍, റാഫി മെക്കാര്‍ട്ടില്‍, പി സുകുമാര്‍ , അമല്‍ നീരദ്, സന്തോഷ് ശിവന്‍ സര്‍, രാജീവ് രവി തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായയും അസോസിയേറ്റ് ആയും ജോലി ചെയ്തിട്ടുണ്ടെന്നും ഒരു സിനിമ ഡയറക്ട് ചെയ്യുക എന്നതാണ് വലിയ ആഗ്രഹമെന്നും സൗബിന്‍ പറയുന്നു.
പ്രേമം സിനിമയിലെ പി.ടി സാറിന്റെ റോള്‍ ഹിറ്റായത് അല്‍ഫോന്‍സ് ആ സിനിമ എഡിറ്റ് ചെയ്തത് കൊണ്ടാണെന്നും സൗബിന്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് തന്റെ കോമഡി വര്‍ക്ക്ഔട്ട് ആയത്. എല്ലാ സിനിമകളിലും സീരിയസായാണ് അഭിനയിക്കുന്നത്. പ്രേമത്തിലും അങ്ങനെ തന്നെ. പിന്നെ എന്നെ കണ്ട് ആളുകള്‍ ചിരിപ്പിക്കുമ്പോഴാണ് മനസ്സിലാകുന്നത് അത് കോമഡിയായിരുന്നെന്ന്.
Leave a Reply