Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്‌ഥാനം രാജിവെച്ചുകൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ രാജി ആപ് നിര്‍വാഹക സമിതിയോഗം തള്ളി.കെജ് രിവാള്‍ തന്നെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടി രാഷ്ര്‌ടീയ കാര്യ സമിതിയില്‍നിന്നു നീക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായി. രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാനും ധാരണയായി. കഴിഞ്ഞദിവസം ചേര്‍ന്ന നിര്‍വാഹകസമിതിയില്‍ രാജിസന്നദ്ധത അറിയിച്ച കെജ്രിവാള്‍ ഇന്നു രേഖാമൂലം രാജിക്കത്ത് ദേശീയ നിര്‍വാഹകസമിതിക്കു നല്‍കുകയായിരുന്നു. യോഗം കെജ്രിവാളിന്റെ രാജിക്കത്തു ചര്‍ച്ച ചെയ്‌തെങ്കിലും അംഗീകരിക്കേണ്ടെന്ന നിലപാടിലെത്തുകയായിരുന്നു. കെജ്രിവാളിന്റെ നിലപാടുകള്‍ ഏകാധിപത്യപരമാണെന്ന അഭിപ്രായവുമായി യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും രംഗത്തുവന്നതോടെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ പടലപ്പിണക്കം രൂക്ഷമായത്. പാര്‍ട്ടിക്കുള്ളില്‍ രണ്ടു ചേരി രൂപപ്പെട്ടെന്നുവരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും പാര്‍ട്ടി കണ്‍വീനറായും കെജ്രിവാള്‍ തുടരുന്നതിന് എതിരെയായിരുന്നു വിമര്‍ശനമേറെയും. പാര്‍ട്ടിയില്‍ സഹ കണ്‍വീനര്‍മാരെ നിയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ അപാകങ്ങളുണ്ടായെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പരാതി. അതിനാലാണ് താന്‍ പ്രചാരണ രംഗത്തു വരാതിരുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയമാകുമ്പോള്‍ പല ഒത്തുതീര്‍പ്പുകള്‍ക്കും തയാറാകേണ്ടിവരുമെന്ന് കെജ്രിവാള്‍ പറഞ്ഞതായും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. താനുമായി കെജ്രിവാള്‍ യാതൊരു ആശയവിനിമയവും നടത്തുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.പാര്‍ട്ടിയില്‍ തര്‍ക്കം മൂത്ത സാഹചര്യത്തില്‍ ഇന്നലെ വിശദീകരണവുമായി കെജ്രിവാള്‍ രംഗത്തെത്തി. തന്നെ സംഭവവികാസങ്ങള്‍ ഏറെ ദുഃഖിപ്പിച്ചെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഡല്‍ഹി ജനതയോടു കാട്ടുന്ന വിശ്വാസ വഞ്ചനയാണെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
Leave a Reply