Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീദേവിയുടെ മരണം ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ ‘സര്‍പ്രൈസ് ഡിന്നറി’ന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പെയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് ദുബായിലെ ജുമെയ്റ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്.
ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍ നിന്ന് ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് തിരികെയെത്തിയത്. ദുബായ് സമയം വൈകുന്നേരം 5.30തോടെ ബോണി കപൂര്‍ ജുമെയ്റ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ ശ്രീദേവി താമസിച്ചിരുന്ന മുറിയിലെത്തിയിരുന്നു.
തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി അത്താഴത്തിന് ക്ഷണിച്ചു. 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീട് ശ്രീദേവി ബാത്ത്‌റൂമിലേക്കു പോയി. 15 മിനുട്ടിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടര്‍ന്ന് ബോണി വാതിലില്‍ തട്ടി. എന്നാല്‍ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.
ഈ സമയം ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അടുത്ത ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്കു പോയത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാല്‍ ശ്രീദേവി സഹോദരിയായ ശ്രീലതയ്‌ക്കൊപ്പം കുറച്ചു ദിവസം കൂടി ദുബായില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
മുംബൈയിലെത്തിയ ബോണി കപൂര്‍ തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ വന്നതായിരുന്നു. ശ്രീദേവിക്കൊപ്പം ഇന്ത്യയിലേക്കു മടങ്ങി വരാനാണ് അദ്ദേഹം അങ്ങോട്ടു പോയത്. എന്നാല്‍ കാത്തിരുന്നതാവട്ടെ വലിയൊരു ദുരന്തവും.
Leave a Reply