Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാം വളരെ പെട്ടെന്ന് ലഭിക്കണമെന്ന മാനസികാവസ്ഥയുമായി നടക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. ഭക്ഷണകാര്യത്തിലും ഇതിന് മാറ്റമൊന്നുമില്ല. ഫാസ്റ്റ്ഫുഡും ഇന്‍സ്റ്റന്റ് കോഫിയുമൊക്കെ ഇന്ന് സുലഭമാണ്. ഇക്കൂട്ടത്തിലേക്കാണ് ടീ ബാഗിന്റെയും കടന്നുവരവ്.
ആരോഗ്യപരിപാലനത്തിനും വണ്ണം കുറയ്ക്കാനുമെല്ലാമായി ഇപ്പോള്‍ പലതരത്തിലെ ടീകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ ഗ്രീന്‍ ടീ തന്നെയാണ് ഏറ്റവും മുന്നില്‍. എന്നാല്‍ ഗ്രീന്‍ ടീ എന്നല്ല ഏതൊരു ടീ ബാഗ് എടുത്തുനോക്കിയാലും അതിന്റെ നൂലിന്റെ ഭാഗത്ത് ഒരു സ്റ്റേപ്ലര്‍ പിന്‍ കാണാം. ഇതിനു പിന്നിലെ അപകടത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ടീ ബാഗിലെ സ്റ്റേപ്ലര്‍ പിന്നുകള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഈ പിന്നുകള്‍ ചായ തയാറാക്കുമ്പോള്‍ അതില്‍ വീണു നമ്മുടെ ഉള്ളിലെത്തിയാലുള്ള പ്രശ്‌നങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ.
ചിലര്‍ ഈ സ്റ്റേപ്ലര്‍ ചെയ്ത ടീ ബാഗുകള്‍ അങ്ങനെ തന്നെ മൈക്രോവേവ് അവനില്‍ വച്ച് ചൂടാക്കാറുണ്ട്. സ്റ്റേപ്ലറിലെ മെറ്റല്‍ ഇതുവഴി അമിതമായി ചൂടാകും. അതും അപകടം ക്ഷണിച്ചു വരുത്തും. ഇത്തരത്തില്‍ ടീ ബാഗിനൊപ്പം സ്റ്റേപ്ലര്‍ പിന്‍ അറിയാതെ വിഴുങ്ങിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.
ടീ ബാഗുകള്‍ മാത്രമല്ല മറ്റു ചില ആഹാരസാധനങ്ങളും ഇത്തരത്തില്‍ പായ്ക്ക് ചെയ്യുന്നുണ്ട്. സ്റ്റേപ്ലര്‍ പിന്‍ ഉള്ളില്‍ പോയാല്‍ മോണയില്‍ നിന്നും രക്തസ്രാവം, മോണവീക്കം, വയറ്റില്‍ രക്തസ്രാവം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണ സ്റ്റേപ്ലര്‍ പിന്‍ ഉള്ളില്‍ പോയാല്‍ മിക്കവരും അറിയാറില്ല. അതുകൊണ്ട് തന്നെ അടിയന്തരമെഡിക്കല്‍ സഹായം തേടാതിരിക്കുക വഴി ജീവന്‍ വരെ അപകടത്തിലാകും.
സത്യത്തില്‍ ടീ ബാഗ് ഉപയോഗിച്ചു ചായ തയ്യാറാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. കാരണം ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. എപ്പിക്ലോറോഹൈഡ്രിന്‍ കാര്‍സിനോജനാണ്. അതായത് ക്യാന്‍സറുണ്ടാക്കാന്‍ കഴിയുന്ന പദാര്‍ത്ഥം.
മാത്രമല്ല ഇപ്പോഴത്തെ പല ടീബാഗുകളും പേപ്പറിനു പകരം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ പല ഘടകങ്ങളും ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ അലിയുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.
Leave a Reply