Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:28 am

Menu

Published on July 11, 2019 at 4:51 pm

തിരുവനന്തപുരം പഴകിയ ഭക്ഷണം പിടിച്ചെടുത്തു…

strict-action-will-take-against-hotels-using-expired-foods

തിരുവനന്തപുരം: നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തില്‍ നിരന്തരമായി വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. ഒരേ സമയം എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഒരാഴ്ചയോളം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.

നാല് സംഘങ്ങളായി തിരിഞ്ഞ് സ്റ്റാച്യു, പാളയം, തമ്പാനൂര്‍, കരമന, ഓവര്‍ ബ്രിഡ്ജ്, അട്ടക്കുളങ്ങര എന്നിവിടങ്ങളിലായി നഗരപ്രദേശത്തെ അറുപതോളം ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇതില്‍ മുപ്പതോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങളാണ് സംഘങ്ങള്‍ പിടിച്ചെടുത്തത്.

കോഴിയിറച്ചിയും മറ്റും പാകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തില്‍ ഐസ് മൂടിയ നിലയിലാണ് പലയിടത്തു നിന്നും പിടിച്ചെടുത്തത്. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മാംസാഹാരങ്ങള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കിയിട്ടില്ല എന്നും പരിശോധനാസംഘം പറയുന്നു. അതേസമയം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനകളുടെ ഫലമായി മുന്‍കാലങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളിലെ അടുക്കളകളിലെ വൃത്തി കൂടിയിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

നഗരമധ്യത്തില്‍ തന്നെയുള്ള ത്രീ സ്റ്റാര്‍ ഹോട്ടലുകളായ പങ്കജ്, ചിരാഗ് ഇന്‍, ഗീത് എന്നീ ഹോട്ടലുകളില്‍ നിന്നും പാളയത്തെ ഹോട്ടല്‍ എം.ആര്‍.എ, സംസം ഹോട്ടലുകള്‍, ഹോട്ടല്‍ ആര്യാസ്, അട്ടക്കുളങ്ങരയിലെ ഹോട്ടല്‍ ബുഹാരി, ബിസ്മി, ദീനത്ത്, ഇഫ്താര്‍, സണ്‍ വ്യൂ, ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ ഹോട്ടല്‍ ഓപ്പണ്‍ ഹൗസ്, ഹോട്ടല്‍ സഫാരി എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.

നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്നാണ് പ്രധാനമായും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത മുഴുവന്‍ ഹോട്ടലുകളുടേയും ലിസ്റ്റ് ഉച്ചയോടെ പുറത്തുവിടുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ നല്ല ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ നിരന്തരമായി വീഴ്ച വരുത്തുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനാനുമതി നിര്‍ത്തലാക്കുന്ന നടപടികളിലേക്കും നഗരസഭ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്നും പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞതായി മേയര്‍ പറഞ്ഞു. നഗരത്തില്‍ വൃത്തിഹീനമായ പരിസരവും പഴകിയ ഭക്ഷണവും ഇല്ലാതാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്നും നഗരത്തില്‍ എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുക എന്ന ഉദ്യമത്തിനായി വ്യാപാരി സുഹൃത്തുക്കളും സഹകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ശേഷം ഇന്നു പരിശോധന നടത്തിയ ഹോട്ടലുകള്‍ക്കു മേല്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. നഗരസഭയുടെ ‘സുഭോജനം’ പദ്ധതിയുമായി ബന്ധപ്പെടുത്തി നഗരത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി പാചകം ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും നഗരസഭയുടെ ഹെല്‍ത്ത് കാര്‍ഡും ഐ.ഡി. കാര്‍ഡും നിര്‍ബന്ധമാക്കുമെന്നും മേയര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News