Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അതികഠിനമായ വേനലാണ് കടന്നുവരുന്നത്. എസി വാഹനങ്ങളിലെ യാത്ര പോലും അസഹനീയമായിരിക്കുകയാണ്. കഠിനമായ സൂര്യാതാപം ജീവനെടുക്കുന്ന വാർത്തകൾ വരെ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. മനുഷ്യ ജീവനുകളെ മാത്രമല്ല നമ്മുടെ വാഹനങ്ങളെയും ചൂട് വലിയ രീതിയിൽ തന്നെ ബാധിക്കാറുണ്ട്. അതിനാൽ ചൂട് കാലത്ത് വാഹന ഉടമകളും യാത്രികരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനങ്ങളുടെയും നിങ്ങളുടെയും ജീവൻ സംരക്ഷിക്കാവുന്നതാണ്. വാഹനം പാർക്ക് ചെയ്യുമ്പോൾ അതിലെ സീറ്റുകൾ കോട്ടൺ തുണി കൊണ്ട് മൂടുന്നത് നല്ലതാണ്. നേരിട്ട് ചൂടടിക്കുമ്പോൾ ലതർ,റെക്സിൻ സീറ്റുകൾ വല്ലാതെ ചൂടു പിടിക്കും. ഇക്കാരണത്താൽ പിന്നീട് യാത്രികർക്ക് സീറ്റിൽ ഇരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് ലോക്ക് ചെയ്യുമ്പോൾ വിൻഡോ അൽപം തുറന്നു വയ്ക്കുന്നത് നന്നായിരിക്കും. ചൂടു നിറഞ്ഞ പാർക്കിംഗ് സ്ഥലത്ത് നിന്ന് വാഹനം എടുക്കുമ്പോൾ ഒരു വിൻഡോ തുറന്നിടുക.പിന്നീട് അതിന് നേരെ എതിരെയുളള ഡോർ അഞ്ചാറു തവണ തുറന്നടക്കുക. ഇത് വേനൽകാലത്ത് ഏറെ ഗുണം ചെയ്യും.
എൻജിന്‍റെ ചൂട് കുറയ്ക്കുന്നതിനുള്ള റേഡിയേറ്ററിന്‍റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. പിന്നീട് എഞ്ചിൻ റെഡിയാക്കണമെങ്കിൽ വലിയ ചിലവാകും.അതിനാൽ കൂളൻറ് പഴയതാണെങ്കിൽ ഉടൻ തന്നെ മാറ്റുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്‍റെ പരിശോധിച്ച് നിറവ്യത്യാസമുണ്ടെങ്കിൽ മാറ്റുക. മാത്രമല്ല റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്നും ഉറപ്പ് വരുത്തണം. വാഹനത്തിലെ എസിക്ക് തണുപ്പ് കുറവാണെന്ന് തോന്നിയാൽ ഒരു എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. ചൂടുകാലത്ത് എസി പ്രവർത്തിപ്പിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. കാരണം എസിയുടെ അശ്രദ്ധ ഉപഭോഗം മൂലം മാരകരോഗങ്ങള്‍ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. യാത്ര ചെയ്യാൻ കാറിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വാതകം മാരകമായ കാന്‍സര്‍ രോഗത്തിന് ഇടയാകും. അതിനാൽ കാറില്‍ കയറിയിരുന്നു ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എസി പ്രവർത്തിപ്പിക്കുക.
ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു.അതിനാൽ വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക.ഇത് ചൂട് വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കും. പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസി വെന്‍റിലേഷൻ മോഡ് ഇടുക.
പൊടിയുടെ ശല്യം വേനൽക്കാലത്ത് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വാഹനത്തിൻറെ വിൻഡ് സ്ക്രീൻ വൃത്തിയാക്കേണ്ടി വരും. ഇതിനാൽ വാഷർ റിസർവോയറിൽ പതിവായി വെള്ളം നിറച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത ഇടയ്ക്ക് പരിശോധിക്കുകയും സമയ ബന്ധിതമായി ടയറുകള്‍ മാറ്റുകയും ചെയ്യുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്‍റെ തേയ്മാനം കൂടും.അതിനാൽ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തേണ്ടതാണ്.ചൂടുകാലത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാൻ പാടില്ല. ചൂടുകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലുണ്ടായ തീപിടിത്ത സംഭവങ്ങളാണ് ഈ മുന്നറിയിപ്പിന് കാരണമാകുന്നത്. യാത്രകളില്‍ നിലവാരമുള്ള സണ്‍ ഗ്ലാസ് ഉപയോഗിക്കുക. കണ്ണിൽ പൊടി കയറുന്നതും എസിയുടെ കാറ്റേറ്റ് കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും സണ്‍ ഗ്ലാസ് സഹായിക്കും. കടുത്ത സൂര്യപ്രകാശം കണ്ണുകളെ വേഗത്തിൽ ക്ഷീണിപ്പിക്കും.
Leave a Reply