Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്കെതിരെയും നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരേഷ് ഗോപിയുടെ ആഡംബര കാറായ ജഥ 01 ആഅ 999 നമ്പര്‍ ഓഡി ക്യൂ 7 ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്. ഇതുവഴി 15 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് സുരേഷ് ഗോപി നഷ്ടം വരുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്ക്കേണ്ടി വന്നുള്ളു.
നേരത്തെ സിനിമാതാരങ്ങളായ ഫഹദ് ഫാസിലും അമലപോളും സമാന രീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇരുവരും വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു വാര്‍ത്ത.
അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി അതുവച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. 1300 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യുകയും കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയുടെ ഭാഗമായി കയറിയതാണു വാഹന നികുതി വെട്ടിപ്പു സജീവചര്‍ച്ചയാക്കിയത്.
പോണ്ടിച്ചേരിയിലെ പല മേല്‍വിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓട്ടോ പോലും കയറാന്‍ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെന്‍സും ബിഎംഡബ്ല്യുവുമുണ്ട്.
20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ മതി രജിസ്‌ട്രേഷന്‍ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്. പിന്നീടു ഈ വാഹനം കേരളത്തിലാകും ഓടുക.
അന്യസംസ്ഥാന റജിസ്‌ട്രേഷനുള്ള വാഹനം കേരളത്തില്‍ സ്ഥിരമായി ഓടണമെങ്കില്‍ ആറു മാസത്തിനകം രജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റുകയും വിലയുടെ ആനുപാതിക റോഡ് നികുതി അടയ്ക്കുകയും വേണം. ആദ്യ രജിസ്‌ട്രേഷനു ശേഷം എത്ര വര്‍ഷം കഴിഞ്ഞുവെന്നതു നോക്കി, അത്രയും കാലത്തേക്കുള്ള നികുതി കിഴിച്ച ശേഷമുള്ള തുക അടയ്ക്കണം. റീ രജിസ്‌ട്രേഷന്‍ പലരും നടത്താറില്ല. മോട്ടോര്‍ വാഹന വകുപ്പ് വാഹനം തടഞ്ഞാല്‍, സ്ഥിരമായി അന്യ സംസ്ഥാനത്ത് ഓടുന്നുവെന്നു വാഹന ഉടമ പറയും. ഇതു തെറ്റാണെന്നു തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുമില്ല.
Leave a Reply