Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊന്നാനി : കേരളത്തിൽ നിലവിളക്ക് വിവാദം കത്തിക്കയറുമ്പോഴും പൊന്നാനി വലിയപള്ളിയിൽ നിലവിളക്കും തൂക്കുവിളക്കും അഞ്ഞൂറ് വർഷമായി പതിവുതെറ്റാതെ കത്തിക്കുകയും പ്രകാശം പരത്തുകയും ചെയ്യുകയാണ്.വിശ്വവിഖ്യാത ഇസ്ലാമിക പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ 1519ൽ പൊന്നാനി വലിയ ജുമാഅത്ത് പള്ളി നിർമ്മിച്ചത് മുതൽ തൂക്കുവിളക്ക് തെളിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് ശേഷം പള്ളിയിൽ നിലവിളക്കും സ്ഥാപിച്ചു.മതവിജ്ഞാനരംഗത്ത് ലോകശ്രദ്ധ നേടിയ വലിയ പള്ളിയിലെ ‘വിളക്കത്തിരിക്കൽ” അകത്തെ പള്ളിയിൽ മധ്യത്തായി സ്ഥാപിച്ച തൂക്കുവിളക്കിന്റെ പശ്ചാത്തലത്തിലാണ് നടന്നിരുന്നത്. ചങ്ങലയിൽ തൂങ്ങിക്കിടക്കുന്ന എണ്ണ നിറച്ച വിളക്ക് പഴയ സ്മരണകളുമായി ഇന്നും പ്രകാശിക്കുന്നു. പുറത്തെ പള്ളിയിൽ നിന്ന് അകത്തെ പള്ളിയിലേക്ക് പ്രവേശിക്കുന്നിടത്താണ് നിലവിളക്കുള്ളത്.ദിവസവും സന്ധ്യയ്‌ക്ക് മഗ്‌രിബ് നമസ്കാരത്തിന് മുമ്പ് ഇരുവിളക്കുകളും കത്തിക്കും. പുലർച്ചെയുളള സുബ്ഹി നമസ്‌കാരത്തിന് മുമ്പ് വിളക്കുകൾ അണയ്‌ക്കും.സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ വലിയ പള്ളിയിൽ നടപ്പാക്കിയ നവീന പാഠ്യപദ്ധതിയായിരുന്നു ‘വിളക്കത്തിരിക്കൽ”. ഈജിപ്‌റ്റിലെ അൽ അസ്ഹർ സർവകലാശാലയിലെ പഠനരീതിയും തദ്ദേശീയ ഗുരുകുല സമ്പ്രദായവും സമന്വയിപ്പിച്ചാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയത്.പോർച്ചുഗീസ് അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടകാലത്ത് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് സാമൂതിരി സമ്മാനമായി നൽകിയതാണ് നിലവിളക്കെന്ന് പറയപ്പെടുന്നു.പള്ളിയുടെ വിവിധ ഭാഗങ്ങളിലായി തൂക്കിയിട്ടിട്ടുള്ള വിളക്കുകള്‍ പ്രത്യേക ദിവസങ്ങളില്‍ കത്തിക്കുന്നതും തുടരുന്നു. വിശുദ്ധ റംസാനിലെ പ്രത്യേക ദിവസങ്ങളിലാണ് എണ്ണ നിറച്ച് വിളക്കുകള്‍ കത്തിക്കുന്നത്.
Leave a Reply