Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ട്രക്കിങ്ങ് പലര്‍ക്കും ഏറെ താല്‍പ്പര്യമുള്ള കാര്യമാണ്. വ്യത്യസ്തമായ ഒട്ടേറെ ട്രക്കിങ്ങ് റൂട്ടുകളും സ്ഥലങ്ങളും നമ്മുടെ രാജ്യത്തുണ്ട്. തിരക്കുകളില്‍ നിന്നു മാറി മനസ് ഒന്ന് ശാന്തമാക്കാന്‍ മാത്രമല്ല പലരും ട്രക്കിങ്ങിനു പോകുന്നത്. സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്നവരാണ് ട്രക്കിങ്ങിന്റെ പ്രധാന ആരാധകര്‍.
എന്നാല്‍ ആദ്യമായി ഇത്തരത്തില്‍ ട്രക്കിങ്ങിന് ആദ്യമായി പോകുന്നവരെ സംബന്ധിച്ച് ധാരാളം സംശയങ്ങള്‍ ഉണ്ടാകും. ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങളെ കുറിച്ചും മറ്റും. അവ എന്തെല്ലാമെന്നു നോക്കാം.
ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ട്രക്കിങ്ങിന് പോകുമ്പോള്‍ ആവശ്യമുള്ളവ മാത്രം എടുത്താല്‍ മതി എന്നതാണ്. ഒരിക്കലും ബാഗ് കുത്തിനിറച്ചുകൊണ്ടായിരിക്കരുത് യാത്ര. കഴിവതും അത്യാവശ്യമുള്ള കുറച്ച് സാധനങ്ങള്‍ മാത്രം എടുത്ത് ഭാരം കുറച്ച് ബാഗ് പാക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.
ബാഗ് പാക്ക് ചെയ്യുമ്പോള്‍ ചെറിയ ബാക്ക് പാക്ക്, വാം ക്ലോത്ത്, ജാക്കറ്റ്, ട്രെക്ക് പാന്റ്, ഹൈക്കിങ് ഷൂ, ടോര്‍ച്ച്, സോക്സ്, ടവ്വല്‍, പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി, സ്നാക്സ്, സോപ്പ്, അത്യാവശ്യ മരുന്നുകള്‍, പവ്വര്‍ ബാങ്ക് തുടങ്ങിയവ മറക്കാതെ എടുക്കാന്‍ ശ്രദ്ധിക്കുക.
ട്രക്കിങ്ങിന് പോകുമ്പോള്‍ ശരിയായ വസ്ത്രങ്ങളുടെ തിരെഞ്ഞെടുപ്പ് അത്യാവശ്യമാണ്. സാധാരണ യാത്രയ്ക്കു പോകുമ്പോഴുള്ള വസ്ത്രങ്ങളല്ല ട്രക്കിങ്ങിനു വേണ്ടത്. വെള്ളം കടക്കാത്ത, വെളിച്ചത്തെയും കാറ്റിനെയും പ്രതിരോധിക്കുവാന്‍ കഴിയുന്ന വസ്ത്രങ്ങളാണ് ട്രക്കിങ്ങിനു പോകുമ്പോള്‍ തിരെഞ്ഞെടുക്കേണ്ടത്.
ട്രക്കിങ്ങിനു പോകുകയാണെങ്കിലും ടെന്റ്, തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ എന്നിവ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മിക്ക ട്രക്കിന്റെയും ബേസ് ക്യാംപില്‍ നിന്നും ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. എന്നാല്‍ യാത്രയ്ക്കു മുന്‍പ് ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണം.
മലമുകളിലേക്കും പര്‍വ്വതങ്ങളിലേക്കുമുള്ള യാത്രകളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് തണുപ്പ്. ഇതിനാല്‍ സ്ലീപ്പിങ് ബാഗും ജാക്കറ്റും ഉള്‍പ്പെടെയുള്ളവ മറക്കരുത്.
യാത്രയിലുടനീളം കുടിവെള്ളം കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. ദാഹത്തെ അവഗണിക്കാതിരിക്കുക. കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുക. ആവശ്യത്തിന് വിശ്രമിക്കാതെയുള്ള യാത്രകള്‍ ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക.
യാത്രയിലുടനീളം ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതുന്നതും നല്ലതാണ്. എന്നാല്‍ അലര്‍ജിക്കോ അസുഖത്തിനോ കാരണമാകാത്തവ വേണം കഴിക്കാന്‍.
ഇരുട്ടു വീണതിനു ശേഷം സഞ്ചരിക്കാതിരിക്കുക. പോകുന്ന സ്ഥലവും സഞ്ചരിക്കുന്ന വഴികളും കൃത്യമായി അറിഞ്ഞ ശേഷം മാത്രം സഞ്ചരിക്കുക. രാത്രിയിലെ യാത്ര കഴിവതും ഒഴിവാക്കുക.
ഒരിക്കലും ഒറ്റയ്ക്ക് ട്രെക്ക് ചെയ്യരുത്. കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക. യാത്രയില്‍ പാമ്പു കടിയേല്‍ക്കാനും മുറിവേല്‍ക്കാനും അസുഖം ബാധിക്കാനും ഏറെ എളുപ്പമാണ്. അതിനാല്‍ കൂട്ടമായി മാത്രം ട്രക്ക് ചെയ്യുക.
ഒരിക്കലും മദ്യപിച്ച് ട്രക്കിങ്ങിനിറങ്ങരുത്. മദ്യപാനം ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റിവെച്ചിട്ടുവേണം ട്രക്ക് ചെയ്യാന്‍. ഇത് ഒട്ടും ആരോഗ്യകരമല്ല.
Leave a Reply