Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും. മലയാളത്തില്‍ 450 ചിത്രങ്ങളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി. വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങള്‍ കൂടാതെ 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഉദയയുടെ ധര്‍മ്മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയില്‍ നൃത്തം അവതരിപ്പിച്ചായിരുന്നു വെളളിത്തിരയിലെ അരങ്ങേറ്റം. എന്റെ നീലാകാശം എന്ന സിനിമയിലാണു കഥാപാത്രം ലഭിക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ ആലോലം സിനിമയിലെ ജാനകിയെന്ന വേഷം വാസന്തിയെ ശ്രദ്ധേയയാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഇതു താന്‍ടാ പൊലീസ്’ എന്നതാണ് ഒടുവിലത്തെ ചിത്രം.
വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും അഭിനയ ജീവിതം തുടങ്ങി. കെ.ജി ജോര്‍ജ്ജിന്റെ ‘യവനിക’ എന്ന ചിത്രത്തിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റേഡിയോ നാടക രംഗത്തും അവര്‍ സജീവമായിരുന്നു.
Leave a Reply