Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സര്‍ക്കാരിനെയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു.
മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാല്‍ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടാന്‍ സിപിഎം ഒരുക്കമല്ല. ഇതു മുന്നണി മര്യാദയല്ലെന്നാണു അഭിപ്രായം. എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. വിവാദം മുന്നണിക്കും സര്‍ക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.
കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി.
കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.
വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്.
Leave a Reply