Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:39 pm

Menu

Published on December 8, 2017 at 4:45 pm

ഹിമാലയന്‍ യാത്ര; വഴിയില്‍ ബൈക്ക് റൈഡേഴ്‌സ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

tips-to-remember-before-planning-a-solo-ride-to-himalaya

മുന്‍പുള്ളതിനേക്കാള്‍ ബൈക്കില്‍ ദീര്‍ഘദൂര യാത്രപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ മിക്കവാറും യുവാക്കളുടെ മനസില്‍ ബുള്ളറ്റിലെ ഒരു ലോങ് ട്രിപ്പ് ഉണ്ടാകും.

ലേ, കുളു-മണാലി എന്നിവയെല്ലാം ഇത്തരക്കാരുടെ ഇഷ്ട റൂട്ടാണ്. ഇത്തരക്കാര്‍ക്കിടയില്‍ ഏറ്റവും ആവേശമുണര്‍ത്തുന്ന ഒരു യാത്രയാണ് ഹിമാലയത്തിലെ ലേയിലേക്കുള്ള ബൈക്ക് യാത്ര. എന്നാല്‍ മറ്റ് യാത്രകള്‍ പോലെയല്ല ബൈക്ക് യാത്ര ഏറെ ശ്രദ്ധവേണ്ട ഒന്നാണ്.

കേരളത്തില്‍നിന്നു നേരിട്ട് ലേയിലേക്ക് ബൈക്ക് ഓടിച്ചുപോകുന്നവരുണ്ട്. എന്നാല്‍ ബൈക്ക് പാഴ്‌സല്‍ ചെയ്യുന്നതാണ് നല്ലത്. ട്രെയിനുകളില്‍ ബൈക്ക് ചണ്ഡിഗഡ് വരെ പാഴ്‌സല്‍ ആക്കി അയയ്ക്കാം. ലേയിലേക്കു പോകുന്നവര്‍ ചണ്ഡിഗഡിലേക്കാണ് സാധാരണ ബൈക്ക് അയയ്ക്കുക.

ഇത്തരത്തില്‍ ബൈക്ക് പാഴ്‌സല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇന്ധനം പൂര്‍ണമായും ഊറ്റിക്കളയണം. ബൈക്കിന്റെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഇന്‍ഡിക്കേറ്ററുകള്‍, കണ്ണാടികള്‍ തുടങ്ങിയവയെല്ലാം ഊരിമാറ്റിവെക്കുക.

വാഹനത്തിന്റെ ആര്‍സി, പാഴ്‌സല്‍ ബുക്ക് ചെയ്യാന്‍ ചെല്ലുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും കൈയില്‍ കരുതണം. സാധാരണ പോര്‍ട്ടര്‍മാരാണ് ബൈക്ക് പായ്ക്ക് ചെയ്യുന്നത്. ഇതിനായി അഞ്ഞൂറു രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്.

ഇനി പാഴ്‌സല്‍ ഫോം പൂരിപ്പിച്ചു നല്‍കുമ്പോള്‍ ചിലര്‍ വാഹനത്തിന്റെ വില താഴ്ത്തി എഴുതാറുണ്ട്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. കാരണം എന്തെങ്കിലും കാരണവശാല്‍ വാഹനം നഷ്ടമാവുകയോ അല്ലെങ്കില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ റെയില്‍വേ ഈ വിലയ്ക്കനുസരിച്ചുള്ള നഷ്ടപരിഹാരമേ നല്‍കുകയുള്ളൂ. അതായത് യഥാര്‍ത്ഥത്തിലുള്ള വിപണിമൂല്യംതന്നെ എഴുതുക.

ഇനി ഇത്തരം ദൂര യാത്രകള്‍ക്കു മുന്‍പേ വാഹനത്തിന്റെ ഓയില്‍ ഫില്‍റ്റര്‍ എയര്‍ ഫില്‍റ്റര്‍ എന്നിവ പരിശോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സാധിക്കുമെങ്കില്‍ മാറ്റി പുതിയത് ഇടുക. കാരണം ഉയരമുള്ള സ്ഥലത്ത് ഓക്‌സിജന്‍ കുറവായിരിക്കും. എയര്‍ഫില്‍റ്ററിലും മറ്റും മാലിന്യങ്ങളുണ്ടെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ലേയിലേക്കുള്ള യാത്രയ്ക്കിടെ അരുവികള്‍ ധാരാളം ക്രോസ് ചെയ്യേണ്ടിവരുന്നതുകൊണ്ട് വാട്ടര്‍പ്രൂഫ് ഷൂ കരുതുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഷൂ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിയുക.

ബൈക്കിന്റെ ബള്‍ബുകള്‍, അത്യാവശ്യം വേണ്ട ടൂള്‍സ്, എം സീല്‍, പംക്ചര്‍ കിറ്റ് എന്നിവ കരുതാന്‍ ശ്രദ്ധിക്കുക. ഓഫ് റോഡ് യാത്രകളില്‍ കല്ലുകള്‍ കൊണ്ടോ മറ്റോ ടാങ്കുകളില്‍ ദ്വാരം വീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് എം സീല്‍. ടാര്‍പോളിന്‍ പോലുള്ള റയിന്‍ കവറുകള്‍, കയറുകള്‍, ടോര്‍ച്ച്, മൊബൈല്‍ ചാര്‍ജര്‍, പവര്‍ ബാങ്ക് എന്നിവയും കയ്യില്‍ കരുതണം.

കൂളിങ് ഗ്ലാസ് ഉള്ള ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. പ്ലെയിന്‍ ഗ്ലാസ് ആണെങ്കില്‍ കുറച്ച് വെളിച്ചം കുറയുമ്പോഴും ഗ്ലാസ് പൊക്കിവയ്ക്കാതെ വണ്ടിയോടിക്കാം. പൊടിയടിക്കില്ല. തണുപ്പുമടിക്കില്ല. യുവി പ്രൊട്ടക്ടഡ് സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.

മണാലിയില്‍നിന്നു റോത്താങ് പാസിലേക്കുള്ള വഴിയില്‍ ചെക്ക്‌പോസ്റ്റുണ്ട്. ലേ വരെ യാത്രയുണ്ടെങ്കില്‍ ഇവിടെ കണ്‍ജഷന്‍ ചാര്‍ജ് ആയി 50 രൂപ നല്‍കണം. ഓണ്‍ലൈന്‍ ആയി പാസ് എടുക്കുകയാണു നല്ലത്. ചെക്ക്‌പോസ്റ്റില്‍നിന്ന് എടുക്കുമ്പോള്‍ നൂറുരൂപ വരും.

മണാലി ടൂറിസം ഡവലപ്‌മെന്റ് കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പെര്‍മിറ്റിനായി അപേക്ഷിക്കാം. ലേ വരെ ആ പാസ് മതി. റോത്താങ് പാസില്‍ ചൊവ്വാഴ്ച പ്രവേശനമില്ല. ജിസ്പ എന്ന ഗ്രാമത്തില്‍ ചെക്‌പോയിന്റുകള്‍ ഉണ്ട്. വണ്ടിനമ്പറും പേരും പറഞ്ഞുകൊടുത്താല്‍ മതി.

ഇനി ഇന്ധനത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. ചണ്ഡിഗഡ് – ലേ ആകെ ദൂരം 784 കിലോമീറ്ററാണ്. മണാലിയില്‍നിന്നു ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കണം. ഒരു കന്നാസിലും പെട്രോള്‍ കരുതേണ്ടിവരും. 110 കിലോമീറ്റര്‍ കഴിഞ്ഞ് താണ്ടി എന്ന ഗ്രാമത്തിലാണ് അടുത്ത പെട്രോള്‍ ബങ്ക് ഉള്ളത്. ലേ വരെ 370 കിലോമീറ്റര്‍ ദൂരം പിന്നീട് ഇന്ധനം ലഭിക്കില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News