Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:39 pm

Menu

Published on February 4, 2017 at 10:07 am

അതിജീവനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക അര്‍ബുദ ദിനം

today-world-cancer-day

ഇന്ന് ലോക അര്‍ബുദ ദിനം. മരണത്തെക്കുറിച്ചും രോഗത്തിന്റെ അവശതകളെ കുറിച്ചുമുള്ള സ്ഥിരമായ ഓര്‍മ്മപ്പെടുത്തലുകളിലൂടെയല്ല ഇത്തവണ അര്‍ബുദ ദിനം കടന്നു പോകുന്നത്. മറിച്ച്, അതിജീവനത്തിന്റെ സുഖമുള്ള ഓര്‍മ്മകളിലൂടെയാണ്.

ജനങ്ങളില്‍ അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ വര്‍ഷവും അര്‍ബുദ ദിനം ആചരിക്കുന്നത്.

ഈ മഹാമാരിക്കെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗെയ്ന്‍സ്റ്റ് കാന്‍സര്‍’ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രാജ്യത്ത് അര്‍ബുദ സാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. സ്ഥിരമായ ഹോട്ടല്‍ ഭക്ഷണം, വ്യായാമക്കുറവ്, മദ്യം, പുകയില എന്നിവയുടെ ഉപയോഗം തുടങ്ങി പാരമ്പര്യ ഘടകങ്ങള്‍ വരെ അര്‍ബുദത്തിന് കാരണമാകുന്നതാണ്.

അടുത്ത 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ അര്‍ബുദം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍, രോഗം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ, ഈ രംഗത്ത് നിരവധിയായ ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.

പ്രധാനമായും ആരോഗ്യശൈലിയിലുള്ള മാറ്റമാണ് ഈ രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. അര്‍ബുദം ഇന്ന് ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. പ്രായം ഇതിനൊരു വിഷയമല്ല. 9 വയസ്സുള്ള കുട്ടിയില്‍ മുതല്‍ 90 വയസുള്ള വൃദ്ധരില്‍ വരെ അര്‍ബുദം പിടിമുറുക്കുന്നതായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

ഈ അര്‍ബുദ ദിനത്തിലും രോഗത്തിനെതിരായ മരുന്നുകളെപ്പറ്റിയുള്ള പ്രതീക്ഷകളും ഏറെയാണ്. ഒടുവില്‍ അര്‍ബുദം ജനിതക രോഗമാണെന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ഗവേഷകര്‍. ജനിതക മാറ്റം മൂലം പ്രത്യക്ഷമാകുന്ന അര്‍ബുദ ട്യൂമറുകളില്‍ പ്രയോഗിക്കാവുന്ന അഞ്ചോളം പ്രിസിഷന്‍ മരുന്നുകള്‍ ഗവേഷകര്‍ വികസിപ്പിച്ചിട്ടുണ്ട്.

ഇമാറ്റിനിബ്, ക്രിസോറ്റിനിബ്, ട്രാസ്റ്റുസുമാബ്, വെമുറഫെനിബ്, അബക്കവിര്‍ എന്നിവയാണ് ആ പുതിയ അര്‍ബുദമരുന്നുകള്‍. ഇതില്‍ ഇമാറ്റിനിബ് എന്ന മരുന്ന് ചിലതരം രക്താര്‍ബുദത്തിനു ഫലപ്രദമാണെന്നും ഭാഗികമായി തെളിഞ്ഞു.

4 ഘട്ടങ്ങളിലൂടെയാണ് സാധാരണയായി അര്‍ബുദം കടന്നു പോകുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നേടാനായാല്‍ 100 ശതമാനം തിരിച്ചുവരവ് ഉറപ്പാണ്. രണ്ടാം ഘട്ടവും ഫലപ്രദം തന്നെ. ഏതാണ്ട് 40 ശതമാനം രോഗികളും ആശാവഹമായ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ചികിത്സയ്ക്കെത്തുന്നത്.

കൂടാതെ ജീന്‍ എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയിലൂടെ അര്‍ബുദത്തിന് കാരണമായ കോശങ്ങളെ ചികിത്സിച്ചു ഭേദമാക്കുന്ന (ക്രിസ്പ് ആര്‍) ചികില്‍സാ രീതി വൈകാതെ പ്രചാരത്തില്‍ വരുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തിലേക്കു നയിക്കുന്ന അഞ്ച് ജനിതക മാറ്റങ്ങള്‍ അടുത്ത കാലത്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്നുകളും വികസിപ്പിച്ചു വരികയാണ്.

ജീവിതശൈലിയില്‍ ശ്രദ്ധിക്കുക എന്നതാണ് അര്‍ബുദത്തെ അകറ്റാനുള്ള പ്രധാന മാര്‍ഗം. അര്‍ബുദം എന്നത് ഇന്നൊരു മാഹാവിപത്തല്ല. അതിജീവനത്തിനുള്ള അവസരങ്ങള്‍ ഇന്ന് ഏറെയാണ്.

Loading...

Leave a Reply

Your email address will not be published.

More News