Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ്. ശ്വാസം മുട്ടലുമായി എത്തിയ ഒന്നര വയസുകാരിയെ ചികിത്സിച്ചത് നാല്‍പ്പത് വയസുകാരന്റെ എക്‌സ്‌റെ ഉപയോഗിച്ചാണെന്നാണ് ആരോപണം. കുട്ടിക്ക് ന്യുമോണിയ ആണെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
ആര്യാട് സ്വദേശികളായ ഷഹന-ഷഫീക്ക് ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ ശ്വാസകോശത്തിന്റെ എക്‌സ്‌റെ എടുപ്പിക്കുകയും ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നിര്‍ദേശിക്കുകയുമായിരുന്നു. ചികിത്സയുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ കുട്ടിക്ക് മൂന്ന് കുത്തിവെപ്പുകള്‍ എടുത്തതായി കുട്ടിയുടെ മാതാവ് പറയുന്നു. രാവിലെ റൗണ്ടിനെത്തിയ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് എക്‌സ്‌റെ മാറിപ്പോയത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എക്‌സ്‌റെ വിഭാഗത്തിലെത്തിയപ്പോള്‍ ജീവനക്കാര്‍ ഇത് പിടിച്ചുവാങ്ങിയതായും തിരികെ തന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. തിരക്കുകാരണം സംഭവിച്ച പിഴവാണ് എക്‌സ്‌റെ മാറിപ്പോകുന്നതിന് വഴിവെച്ചതെന്നാണ് ആശുപത്രി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. മൂന്ന് കുത്തിവയ്പ്പുകള്‍ ഇതിനകം നല്‍കിയതിനാല്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണം കുട്ടിക്ക് നല്‍കിവരുന്നുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Leave a Reply