Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ലോ ഫ്‌ളോര്‍ വോള്‍വോ ബസ്, സ്റ്റാന്‍ഡിലെ യാത്രക്കാർക്കിടയിലേക്ക് ഇരച്ചുകയറി രണ്ടുപേര്‍ മരിച്ചു.
കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് ടീം അംഗങ്ങളുമായ ചെര്‍പ്പുളശ്ശേരി നല്ലായ കൃഷ്ണപ്പടി കുന്നശ്ശേരി വീട്ടില്‍ രജീഷ്‌കുമാര്‍ (29), തൃത്താല പരുതൂര്‍ നിരപ്പറമ്പില്‍ എന്‍.ടി. വിനോദ് (35) എന്നിവരാണ് ബസ്സിനും ബസ്സ്റ്റാന്‍ഡിന്റെ ഓഫീസ് ചുവരിനും ഇടയില്‍പ്പെട്ട് ചതഞ്ഞു മരിച്ചത്. ബസ് യാത്രക്കാരനായ വൈക്കം മകീര്യം ഭവനില്‍ സതീഷി (54) ന് പരിക്കേറ്റു.
രാവിലെ ഒമ്പതേകാലോടെയാണ് തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ദുരന്തമുണ്ടായത്. മണ്ണാര്‍ക്കാട്ടേയ്ക്കുള്ള ബസ്, യാത്ര തുടങ്ങാനായി ബേയില്‍നിന്ന് പിന്നിലേക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ മുന്നിലേക്കു കുതിക്കുകയായിരുന്നു. മുന്നിലെ വരമ്പ് ചാടിക്കടന്ന് കെ.എസ്.ആര്‍.ടി.സി. ഓഫീസിന്റെ ചുവരും ഗ്ലാസും തകര്‍ത്താണ് ബസ് നിന്നത്. ബസ് പാഞ്ഞുവരുന്നതുകണ്ട് മറ്റു യാത്രക്കാര്‍ ഓടിമാറിയെങ്കിലും കാഴ്ചശക്തിയില്ലാത്തതിനാല്‍ രജീഷിനും വിനോദിനും രക്ഷപ്പെടാനായില്ല. പരിക്കേറ്റ സതീഷ് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് നെറ്റിയില്‍ അഞ്ചു തുന്നലുണ്ട്.
സ്ഥലപരിമിതിയില്‍ ഞെരുങ്ങുന്ന തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. കാഴ്ചശക്തിയില്ലാത്തവരുള്‍പ്പെടെയുള്ള അംഗപരിമിതര്‍ക്ക് പ്രത്യേക ശ്രദ്ധയും ലഭിക്കുന്നില്ല. ഉന്നത സാങ്കേതിക നിലവാരമുള്ള ലോ ഫ്‌ളോര്‍ ബസ്സുകള്‍ ഓടിച്ചു പരിചയമില്ലാത്തതാവാം അപകടത്തിനു വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധമായി വണ്ടിയോടിച്ചതിന് ബസ് ഡ്രൈവര്‍ ഹംസയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബസ്സിന്റെ സാങ്കേതിക തകരാറാണോ പ്രശ്‌നം എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി എറണാകുളത്തുനിന്ന് കമ്പനി പ്രതിനിധികള്‍ എത്തി പരിശോധന നടത്തി.
കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി എറണാകുളത്തേക്കു പോകാനെത്തിയതായിരുന്നു വിനോദും രജീഷും. പരേതനായ ഉണ്ണികൃഷ്ണന്റെ മകനാണ് രജീഷ്. അമ്മ: സുഭദ്ര. ഭാര്യ: ശ്രീജ. പരേതരായ നിരപ്പറമ്പില്‍ ശങ്കരന്റെയും കാളിയുടെയും മകനാണ് വിനോദ്. സഹോദരങ്ങള്‍: ശിവദാസന്‍, വേണുഗോപാല്‍, ഷാജി, ഷീജ.
Leave a Reply